ഓസ്‌ത്രേലിയന്‍ ഓള്‍ റൗണ്ടര്‍ എല്ലിസെ പെറി ബൗളിങ്ങിലും ബാറ്റിങ്ങിലും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ രണ്ടാം ടി20യില്‍ തോല്‍വി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് സൂപ്പര്‍ ഓവറില്‍ തോറ്റ ഓസ്‌ത്രേലിയ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്ന് പന്തില്‍ അഞ്ച് റണ്‍സെടുത്ത് കൗമാര വിസ്മയം ഷെഫാലി വര്‍മ്മ പുറത്തത്. എങ്കിലും സ്മൃതി മന്ദാനയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് ഇന്ത്യയെ റണ്‍ നിരക്ക് താഴാതെ മുന്നോട്ട് നയിച്ചു.

സ്മൃതി 23 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ കൗര്‍ 32 പന്തില്‍ 28 റണ്‍സെടുത്തു. എന്നാല്‍ ഓസീസ് കൊടുങ്കാറ്റ് വരാന്‍ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

ഒരു ഓവറില്‍ മൂന്ന് ഇന്ത്യന്‍ വനിതകളെ പവലിയനിലേക്ക് എല്ലിസെ പെറി തിരിച്ചയച്ചു. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി അവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്തു. ടായ്‌ല വ്‌ലെമിങ്ക് 13 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴത്തി.

മന്ഥാന-കൗര്‍ കൂട്ടുകെട്ടിനുശേഷം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇന്ത്യയ്ക്കായില്ല. ഫലം 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 103 റണ്‍സ് എന്ന പൊരുതാന്‍ പോലുമാകാത്ത സ്‌കോറാണ് ടീം എതിരാളികള്‍ക്ക് മുന്നില്‍ വച്ചത്.

ഓസ്‌ത്രേലിയയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഒരു ഓവറില്‍ ആറ് റണ്‍സിന് താഴെ മാത്രം റണ്‍ നിരക്ക് ആവശ്യമായ ചേസിങ്ങില്‍ അവരുടെ ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്താക്കിയത് മാത്രമാണ് ഇന്ത്യയ്ക്ക് ഓര്‍ത്തിരിക്കാനുള്ള നിമിഷം. അലിസ ഹെയ്‌ലി അഞ്ച് പന്തില്‍ നിന്ന് ഒരു റണ്‍സും ബെത്ത് മൂണി 13 പന്തില്‍ ആറ് റണ്‍സും എടുത്ത് പുറത്തായി.

അടുത്ത ഈഴം നേരത്തെ പന്ത് കൊണ്ട് ഇന്ത്യന്‍ നിരയില്‍ നാശം വിതച്ച പെറിയുടെ ബാറ്റിനായിരുന്നു. താനെന്ത് കൊണ്ട് ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ആകുന്നുവെന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. 47 പന്തില്‍ 49 റണ്‍സടിച്ച് അവര്‍ ഇന്ത്യയ്ക്ക് ഒരു പഴുതും അനുവദിക്കാതെ മത്സരം ഓസീസിന് അനുകൂലമാക്കി.

ഏഴ് പന്തും നാല് വിക്കറ്റുകളും ബാക്കി നില്‍ക്കേ ഓസ്‌ത്രേലിയന്‍ വനിതകള്‍ വിജയിച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ രാജേശ്വരി ഗെയ്ക്വാദ് 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറ്റ് നാല് ബൗളര്‍മാര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇതോടെ മൂന്ന് ടീമുകള്‍ക്കും ഓരോ ജയം വീതവും രണ്ട് പോയിന്റുകള്‍ വീതവും ഉണ്ട്. ഇന്ത്യയുടെ അടുത്ത മത്സരം ഫെബ്രുവരി ഏഴിന് ഇംഗ്ലണ്ടിനെതിരെയാണ്.

ഓസ്‌ത്രേലിയയില്‍ ഈ മാസം അവസാനം തുടങ്ങുന്ന ടി20 വനിത ലോകകപ്പിന് മുന്നൊരുക്കമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *