ഖാസിദാ കലാം
”നാണവും മാനവുമെല്ലാം കല്യാണം കഴിയും വരെ
ഒന്നുപെറ്റാല് തീരെയില്ലാന്നും ആണ്…”
കുട്ടിക്കാലത്ത് ഉമ്മയുടെ വായില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് കേട്ട ചൊല്ലാണിത്…
അയല്‍വാസികളോ, ബന്ധുക്കളായ പെണ്‍കുട്ടികളോ, അവരിട്ട നീളന്‍ പാവാടയെ നൈറ്റിയോ വലിച്ചിഴച്ച് കൊണ്ട് നടക്കുന്നത് കാണുമ്പോള്‍, അതൊന്ന് പിടിച്ച് കുത്തിയിട്ട് പണിയെടുക്കെന്റെ പെണ്ണേന്ന് പറയും ഉമ്മ..
അയ്യേ, പിടിച്ച് കുത്തിയാല്‍ കാല് കാണില്ലേ, അത് മോശമല്ലേ എന്നാവും അവരുടെ തിരിച്ചുള്ള ചോദ്യം.. അവരോടുള്ള ഉമ്മയുടെ മറുപടിയായിരുന്നു ഇത്.
അന്നൊന്നും ചുരിദാറുകള്‍ക്ക് സൈഡ് ഓപ്പണ്‍ ഫാഷന്‍ വന്നിട്ടില്ല… അതുകൊണ്ടുതന്നെ വീട്ടിലിരിക്കുമ്പോള്‍ പലപ്പോഴും കാലില്ലാത്ത ചുരിദാറായിരുന്നു വേഷം… പെട്ടെന്ന് വന്നുകേറുന്ന അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കല്ലോ എന്ന് കരുതി, ചുരിദാറിന്റെ പാന്റും കയ്യില്‍ ചുരുട്ടിപ്പിടിച്ച്, പാതിചാരിയ വാതിലിന് മറവില്‍ നിന്ന് പെട്ടെന്ന് വലിച്ചുകേറ്റലായിരുന്നു പതിവ്. അതേ, അതു തന്നെ ചിന്ത, കാല് മറ്റൊരാള്‍ കാണുന്നത് മോശമല്ലേ…
പിന്നെ, ഹോസ്റ്റല്‍ വാസത്തിനിടെയുള്ള കാലഘട്ടം… ഡ്രെസ് ഒന്ന് മാറണമെങ്കില്‍, ബാത്ത്റൂം വരെ നീട്ടിനടക്കും.. അതുകണ്ട് റൂംമേറ്റ്സ് കളിയാക്കി ചിരിക്കും, ആദ്യമായിട്ട് ഹോസ്റ്റലില്‍ നില്ക്കുന്നതിന്റെയാ, ശീലമാകുമ്പോ അങ്ങ് ശരിയായിക്കൊള്ളും.. അവര്‍ക്കൊപ്പം ഒരിക്കല്‍ ബീച്ചില്‍ പോയി..
നമ്മളങ്ങനെ തിരയെ കണ്ട സന്തോഷത്തില്‍ കാലിനെ തിരയ്ക്ക് വിട്ടുകൊടുത്ത് അങ്ങനെ നില്‍ക്കുകയാണ്… കൂട്ടുകാരികള്‍ തീരത്തേക്ക് വരുന്നേയില്ലേ… നിങ്ങളിറങ്ങുന്നില്ലേ.. ഇല്ലായെന്ന് മറുപടി.. എന്തേ എന്ന് പുരികം വളച്ചുള്ള എന്റെ നില്‍പ്പ്.. കാലിലെ ഹെയര്‍ റിമൂവ് ചെയ്തില്ല..
ഇങ്ങനെ കാല് ആളുകള്‍, നാട്ടുകാര്‍ കാണുന്നത് മോശമാണ് എന്ന് ഇരുവരും തമ്മിലുള്ള കുശുകുശുപ്പ്…. ഓ പിന്നെ… അതാണോ ഇപ്പോ വലിയ ആനക്കാര്യം എന്ന് ചിന്തിച്ച്, വരുന്ന തിര മുഴുവന്‍ ഞാനൊറ്റയ്ക്ക് നനഞ്ഞു… ചുരിദാറിന്റെ പാന്റ് അല്‍പ്പം പോലും ഉയര്‍ത്തി വെക്കാതെ തന്നെ…
രണ്ടും രണ്ട് കാലഘട്ടമാണ്… അതും അവളുടെ രാവുകളിലെ സീമയ്ക്ക് ശേഷമുള്ള കാലഘട്ടം..
കാലേ പുറത്ത് കാണിക്കരുത് എന്ന് വിശ്വസിച്ചിരുന്ന പെണ്ണുങ്ങളെ കുറിച്ചാണ് ആദ്യം പറഞ്ഞത്… അത് ഒരു കാലഘട്ടം. തനിക്ക് ആത്മവിശ്വാസം നല്കുന്നുണ്ടെങ്കില് കാല് ആളുകള്‍ കാണുന്നതില്‍ തെറ്റില്ലെന്ന് പെണ്ണ് ചിന്തിച്ചു തുടങ്ങിയതിന്റെ ആദ്യഘട്ടമായിരുന്നു പിന്നെ വന്നത്… അവിടുന്നും അവള് ഏറെ മാറിയെന്ന് പുതിയ കാലം പറയുന്നു….
പക്ഷേ, പതിനെട്ടുകാരി അനശ്വരയിലെത്തിയിട്ടും സമൂഹം ഒട്ടും മാറിയിട്ടില്ലെന്ന് മാത്രം…
എന്റെ പെണ്ണുങ്ങളേ, നിങ്ങളുടെ ഭംഗിയുള്ള കാലുകളോടെല്ലാമെനിക്ക് പ്രണയം തോന്നുന്നുവല്ലോ.
(ഫേസ് ബുക്കില്‍ കുറിച്ചത്)
- Design