15-ാം വയസ്സില്‍ വിവാഹം. 65-ാം വയസ്സില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഷാര്‍പ്പ് ഷൂട്ടര്‍. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ചന്ദ്രോ തോമര്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പ്രായമൊരു ഘടകമല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച മുത്തശിയാണ്. അവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുന്നതിന് നിമിത്തമായത് നാണം കുണുങ്ങിയായി ചെറുമകളാണ്.
ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിയാണ് ഷൂട്ടിങ് ദാദിയെന്ന് അറിയപ്പെടുന്ന ചന്ദ്രോ തോമാര്‍ ജനിച്ചത്.
വീട്ടില്‍ ഗോതമ്പ് പൊടിച്ചും പശുവിനെ കറന്നും കഴിഞ്ഞിരുന്ന അവര്‍ 65-ാം വയസ്സില്‍ ഷൂട്ടിങ് പരിശീലന കേന്ദ്രത്തിലേക്ക് ചെറുമകള്‍ക്ക് കൂട്ടായി പോയതാണ് ജീവിതത്തിലെ വഴിത്തിരിവായത്.
ആണ്‍കുട്ടികള്‍ മാത്രം പരിശീലിക്കുന്ന ഷൂട്ടിങ് ക്ലബിലെ ഏക പെണ്‍കുട്ടിയായിരുന്നു ചെറുമകള്‍. അതിനാല്‍ അവിടെ ഒറ്റയ്ക്ക് പോകാന്‍ അവള്‍ക്ക് നാണമായിരുന്നു. കൂട്ടിന് പോയ മുത്തശി പിന്നീട് ലോകം അറിയുന്ന ഷൂട്ടിങ് താരമായി മാറി.
ചെറുമകള്‍ക്ക് തോക്ക് ലോഡ് ചെയ്യാനും വെടിവയ്ക്കാനും കഴിയാതെ വന്നപ്പോള്‍ മുത്തശി തോക്ക് ലോഡ് ചെയ്തു വെടിവച്ചു. ബുള്ളത് പതിച്ചത് ലക്ഷ്യത്തിന്റെ ബുള്‍സ് ഐയിലും. ഇത് ശ്രദ്ധയില്‍പ്പെട്ട പരിശീലകനാണ് മുത്തശിയോട് പരിശീലനം നടത്താന്‍ ആവശ്യപ്പെട്ടത്. ഷാര്‍പ്പ് ഷൂട്ടര്‍ക്ക് വേണ്ടതെല്ലാം അവരില്‍ ഉണ്ടായിരുന്നു.
1932 ജനുവരി 10-ന് ജനിച്ച അവര്‍ 1999-ലാണ് ഷൂട്ടിങ് റേഞ്ചിലേക്് വരുന്നത്. 30-ല്‍ അധികം ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ നേടി. ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിതാ ഷാര്‍പ്പ് ഷൂട്ടറായി മാറി അവര്‍.
വളരെ ചെറുപ്രായത്തിലേ വീട്ടിലെ എല്ലാ പണികളും ചെയ്തിരുന്നതാണ് തന്റെ ശക്തിയെന്ന് ചന്ദ്രോ ഒരിക്കല്‍ പറഞ്ഞു. കൈ കൊണ്ട് ഗോതമ്പ് പൊടിക്കുകയും പശുവിനെ കറക്കുകയും പുല്ല് വെട്ടുകയും ചെയ്തിരുന്നു. സജീവമായിരിക്കുകയെന്നതാണ് പ്രധാനമെന്ന് അവര്‍ പറയുന്നു. നിങ്ങളുടെ ശരീരത്തിന് പ്രായമാകും. പക്ഷേ, നിങ്ങളുടെ മനസ്സിനെ ഷാര്‍പ്പായി സൂക്ഷിക്കുക എന്നതാണ് അവര്‍ നല്കുന്ന ഉപദേശം.
അഞ്ച് മക്കളും 12 ചെറുമക്കളും മുത്തശിക്കുണ്ട്. ഭര്‍ത്താവും സഹോദരന്മാരും ചന്ദ്രോ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തിരുന്നു. പക്ഷേ, അതിനെ അവഗണിച്ച് മുന്നോട്ട് പോകാനായിരുന്നു മുത്തശിയുടെ തീരുമാനം. അവരുടെ ഷൂട്ടിങ് ടീമില്‍ മകളും ചെറുമകളും ചേര്‍ന്നു. ഗ്രാമത്തിലെ മറ്റുള്ളവരെ ഷൂട്ടിങിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
2020-ലെ റൈഫിള്‍ ആന്റ് പിസ്റ്റല്‍ ലോകകപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം വെടിവച്ചിട്ട സീമ തോമര്‍ മുത്തശിയുടെ ബന്ധുവാണ്. ചെറുമകള്‍ ഷെഫാലി തോമാറും അന്താരാഷ്ട്ര ഷൂട്ടിങ് താരമാണ്.