ഡോ ഷിംന അസീസ്‌

ഉറങ്ങാൻ നേരം ടോയ്‌ലറ്റിൽ പോയി വരുന്ന സോനുവിനോട്‌ ആച്ചു ദ ലിറ്റിൽ ഗേൾ :

“കൈ കഴുക്‌ സോനൂ, ഇല്ലെങ്കിൽ കൊദോണ വരും.” (അവൾക്ക്‌ ‘റ’ ഇല്ല ഒക്കെ ‘ദ’ ആണ്‌.)

ഇത്‌ തന്നെയാ എനിക്കും എല്ലാരോടും പറയാനുള്ളത്‌.

കൈ നന്നായി സോപ്പിട്ട്‌ പതപ്പിച്ച്‌ കഴുകി കൊണ്ടേ ഇരിക്കുക. ഒറ്റ ബാക്‌ടീരിയക്കും വൈറസിനും മനസമാധാനം കൊടുത്തേക്കരുത്‌. ചാവട്ടെ ജന്തുക്കൾ. വെറുതേ വെള്ളത്തിനോട്‌ ‘ഹായ്‌’ പറഞ്ഞാൽ കഴുകലാവില്ല. 20-30 സെക്കന്റ്‌ എടുത്ത്‌ കൈയിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുന്ന രീതിയിൽ കഴുകണം. യഥേഷ്‌ടം ഹാന്റ്‌വാഷിങ്ങ്‌ വീഡിയോകൾ യൂട്യൂബിൽ പെറ്റ്‌ പെരുകി കിടപ്പുണ്ട്‌. ഒന്ന്‌ അത്രടം പോയി നോക്കൂ.

സോപ്പാണേൽ നന്നായി പതപ്പിക്കണം, ഹാന്റ്‌റബ്‌ ആണേൽ രണ്ട്‌ തവണയെങ്കിലും ഡിസ്‌പെൻസർ പമ്പ്‌ പ്രസ്‌ ചെയ്‌ത്‌ 3 മില്ലിലിറ്റർ സൊല്യൂഷനെങ്കിലും എടുത്ത്‌ വേണം കൈ വൃത്തിയാക്കാൻ. ഇല്ലെങ്കിൽ ഒരു കാര്യോമില്ലാതെ കഷ്‌ടപ്പെടുന്ന നമ്മളെ നോക്കി ബാക്‌ടീരിയേം വൈറസും നമ്മളെ പുച്‌ഛിക്കും.

എപ്പോഴൊക്കെ കഴുകണം?

– കൈയിലെ ടിഷ്യൂവിലേക്ക്‌ തുമ്മി ടിഷ്യൂ വേസ്‌റ്റ്‌ ബിന്നിൽ നിക്ഷേപിച്ച ശേഷം

– ഭക്ഷണം തയ്യാറാക്കുന്നതിന്‌ മുൻപും ശേഷവും

-ഭക്ഷണം കഴിക്കുന്നതിന്‌ മുൻപും ശേഷവും

-ടോയ്‌ലറ്റിൽ പോയി വന്ന ശേഷം

-ആരോഗ്യപ്രവർത്തകർ ജോലിയിൽ പ്രവേശിക്കുന്നതിന്‌ മുൻപും ശേഷവും.

– ഓരോ രോഗിയെ പരിശോധിച്ച/പരിചരിച്ച ശേഷവും.

-രോഗിയുടെ ശരീരത്തിലെ സ്രവങ്ങളുമായി നേരിട്ട്‌ സമ്പർക്കമുണ്ടാകുന്നതിന്‌ മുൻപും ശേഷവും

-രോഗിയുടെ കേസ്‌ഷീറ്റ്‌, കിടക്കവിരി തുടങ്ങി ആ പരിസരത്തുള്ള എന്തും തൊടുന്നതിന്‌ മുൻപും ശേഷവും

-ഗ്ലൗസിടുന്നതിന്‌ മുൻപും ശേഷവും

– വളർത്തുമൃഗങ്ങളെ പരിചരിക്കുന്നതിനും കൂട്‌ വൃത്തിയാക്കുന്നതിനും മുൻപും ശേഷവും.

ഈ പറഞ്ഞവയിൽ കൈയിൽ പ്രകടമായി അഴുക്കില്ലെങ്കിലും, ഇടക്കിടക്ക്‌ സോപ്പിട്ട്‌ കൈ കഴുകാൻ അസൗകര്യം ഉള്ളപ്പോഴും ആൽക്കഹോൾ അടങ്ങിയ ഹാന്റ്‌റബ്‌ പകരമായി ഉപയോഗിക്കാം

“കൈ കഴുകലൊഴിഞ്ഞിട്ട്‌ ഒരു നേരമുണ്ടാവുമോ?” എന്ന്‌ ചോദിച്ചു പുത്രൻ.

കൈ കഴുകണമെന്ന്‌ മാത്രമല്ല, കൈ എവിടെയെങ്കിലും തൊട്ടിട്ട്‌ ആ കൈ കണ്ണിലേക്കും മൂക്കിലേക്കും വായിലേക്കും കൊണ്ടോവരുത്‌ എന്ന്‌ കൂടി മക്കളോട്‌ പറഞ്ഞ്‌ കൊടുത്തു. .

ഇത്തരത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ മാത്രമല്ല വേറെ പലതും വരും. സകലമാന സാംക്രമികരോഗങ്ങളും തടയാൻ കൈ കഴുകലിനോളം നല്ലൊരു മാർഗമില്ല. ഇച്ചിരെ സോപ്പും വെള്ളോം കോമൺസെൻസും ഉണ്ടെങ്കിൽ (പ്രയോഗത്തിന്‌ കടപ്പാട്‌: Dr. Jasmine Salim) എന്തോരം രോഗങ്ങൾ തടയാമെന്നോ !

ഇല്ലേൽ ആച്ചു പറഞ്ഞ പോലെ കൊ’ദോ’ണ വരും, സൂക്ഷിച്ചോ. പറഞ്ഞീലാന്ന്‌ വേണ്ട .

Leave a Reply

Your email address will not be published. Required fields are marked *