കോവിഡ് 19 രോഗബാധിതരായ രണ്ട് ഗര്‍ഭിണികള്‍ പ്രസവിച്ചു. കുഞ്ഞുങ്ങള്‍ക്ക് രോഗമില്ല. പെറുവിലാണ് സംഭവം. ആദ്യ കുഞ്ഞ് മാര്‍ച്ച് 27-നും രണ്ടാമത്തേത് മാര്‍ച്ച് 31-നാണ് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ റെബാഗലെയ്റ്റി ആശുപത്രിയില്‍ സിസേറിയന് വഴി പിറന്നത്.
കൊറോണ വൈറസിനുള്ള ചികിത്സ നല്‍കുന്നുണ്ടെങ്കിലും രണ്ട് അമ്മ മാരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരാത്തത് ഭാഗ്യകരമാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍ കാര്‍ലോസ് ആല്‍ബ്രച്ച് പറഞ്ഞു.
പെറുവില്‍ ഇതുവരെ 2,954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 107 പേര് മരിക്കുകയും 1,301 പേരുടെ രോഗം ഭേദമാകുകയും ചെയ്തു.
കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയിലെ വുഹാനിലെ ഡോക്ടര്‍മാര്‍ ഒരു അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകര്‍ന്നതിനെ തുടര്‍ന്ന് ഗര്‍ഭാവസ്ഥയിലെ കുഞ്ഞുങ്ങള്‍ക്ക് അമ്മയില്‍ നിന്നും രോഗം പകരുമെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഒമ്പത് ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ ഇത്തരമൊരു രോഗവ്യാപനത്തിനുള്ള തെളിവ് ലഭിച്ചില്ലെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
രോഗബാധിതരായ അമ്മമാര്‍ ശുചിത്വം പാലിച്ച് കുഞ്ഞിന് ശുശ്രൂഷിക്കുകയും പാലൂട്ടുകയും ചെയ്യാമെന്ന് ലോകരോഗ്യ സംഘടന പറയുന്നു. ലിമയിലെ അമ്മമാര്‍ക്കൊപ്പം കുഞ്ഞുങ്ങളും കഴിയുമെന്ന് ഡോക്ടര്‍ പറഞ്ഞു.