കാട്ടുകള്ളന്‍ വീരപ്പന്റെ അടുത്ത സഹായിയായിരുന്ന സ്റ്റെല്ലാ മേരി 27 വര്‍ഷത്തിനുശേഷം പൊലീസ് പിടിയില്‍. 13-ാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം കാട് കയറി വീരപ്പന്റെ സംഘത്തില്‍ ചേര്‍ന്ന സ്റ്റെല്ല 1993-ല്‍ മൂന്ന് കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയി. ഇപ്പോള്‍ സ്റ്റെല്ലയ്ക്ക് 40 വയസ്സുണ്ട്.

പാലാര്‍ ബോംബ് സ്‌ഫോടന കേസ്, രാമപുര പൊലീസ് സ്റ്റേഷന്‍ ആക്രമണം, ആയുധക്കള്ളകടത്ത് എന്നീ കേസുകള്‍ അവര്‍ക്കെതിരെയുണ്ട്. ടാഡാ പ്രകാരമുള്ള കേസാണ്.

18 മാസമാണ് വീരപ്പന്റെ സംഘത്തില്‍ സ്റ്റെല്ല കഴിഞ്ഞത്. വീരപ്പന്റെ സഹായിയായ വെള്ളയനുമായി പ്രണയത്തിലായി വിവാഹം കഴിച്ചു. അസുഖം കാരണം വെള്ളയപ്പന്‍ മരിച്ചതിന് ശേഷം സ്റ്റെല്ല വേലുസ്വാമിയെ വിവാഹം ചെയ്ത് കൊല്ലേഗല്‍ താലൂക്കിലെ ജാഗേരിയില്‍ ഭൂമി പാട്ടത്തിനെടുത്ത് കരിമ്പ് കൃഷി ചെയ്ത് വരികയായിരുന്നു.

സ്റ്റെല്ല കരിമ്പിന്‍ തോട്ടത്തില്‍ ആനയിറങ്ങുമ്പോള്‍ വെടിവച്ച് തുരത്തുമായിരുന്നു. ഷാര്‍പ്പ് ഷൂട്ടറാണ് സ്റ്റെല്ല. ഏതാനും നാളുകള്‍ക്ക് മുമ്പ് ആനയെ തുരത്തിയപ്പോള്‍ വെടിയുണ്ടയില്‍ നിന്നും തീപടര്‍ന്ന് കരിമ്പിന്‍ തോട്ടത്തില്‍ തീപിടിച്ചിരുന്നു. ഇത് അന്വേഷിക്കാനെത്തിയ വനം വകുപ്പ് തീപിടിത്തത്തിന് കാരണം വെടിയുണ്ടയാണെന്ന് മനസ്സിലായി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സ്റ്റെല്ല വീരപ്പനുമായുള്ള ബന്ധം വെളിപ്പെടുത്തിയത്.

വീരപ്പന്‍ സ്ത്രീകളെ വിശ്വാസത്തിലെടുത്തിരുന്നില്ലെന്ന് സ്റ്റെല്ല മൊഴി നല്‍കി. ഒരിക്കല്‍ സ്‌റ്റെല്ലയും ഭര്‍തൃസഹോദരന്‍ ശേഷരാജും ചേര്‍ന്ന് വീരപ്പന്‍ വനത്തില്‍ ഒളിപ്പിച്ച് വച്ചിരുന്ന പണം മോഷ്ടിച്ചതിന് സ്റ്റെല്ലയെ വീരപ്പന്‍ തട്ടിക്കൊണ്ട് പോയിരുന്നു.

ഹാനൂര്‍ താലൂക്കിലെ മാര്‍ത്തള്ളി ഗ്രാമവാസിയാണ് സ്റ്റെല്ല. വീരപ്പന്‍ 2004-ല്‍ പൊലീസ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു. സ്റ്റെല്ലയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

2017 ഓഗസ്റ്റില്‍ ചാമരാജനഗറിലെ രാമപുര പൊലീസ് വീരപ്പന്റെ സഹായിയായ 52 വയസ്സുകാരനായ ശിവസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് നടന്നത്. 1992 മെയ് 19-നാണ് രാമപുര സ്റ്റേഷന്‍ ആക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *