Take a fresh look at your lifestyle.

ഏകദിന ക്രിക്കറ്റില്‍ ആദ്യം 400 റണ്‍സ്‌ കടന്നത് പുരുഷന്‍മാരല്ല

22

1997. ലോകക്രിക്കറ്റില്‍ വനിതകള്‍ ശിശുക്കളായിരുന്ന കാലം. ചെറിയ സ്‌കോറുകള്‍. ആരും ശ്രദ്ധിക്കാത്ത മത്സരങ്ങള്‍. അങ്ങനെയായിരുന്നു അക്കാലത്ത് വനിതകളുടെ മത്സരങ്ങള്‍. പക്ഷേ, 1997 ജനുവരിയില്‍ ന്യൂസിലന്റിന്റെ വനിതകള്‍ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചു. പുരുഷ ടീമിനുപോലും അന്ന് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന റെക്കോര്‍ഡായിരുന്നു അത്.

പുരുഷന്‍മാരുടെ ഏകദിന മത്സരങ്ങളില്‍ തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 250-ന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ 99 ശതമാനവും വിജയം ഉറപ്പിക്കുന്ന കാലമായിരുന്നു. അക്കാലത്താണ് പുരുഷന്‍മാരെ വെല്ലുന്ന ഒരു റെക്കോര്‍ഡ് കിവീസ് വനിതകള്‍ കുറിച്ചത്.

ഏകദിനത്തില്‍ ആദ്യമായി 400 റണ്‍സ് പിന്നിട്ട ടീം എന്ന റെക്കോര്‍ഡ് ന്യൂസിലന്റ് വനിതകള്‍ പാകിസ്താനെതിരെ നേടിയത്. 300 റണ്‍സ് എന്ന സ്‌കോര്‍ തന്നെ പുരുഷന്‍മാരുടെ മത്സരങ്ങളില്‍ അപൂര്‍വമായിരുന്നു. 400 എന്ന സ്‌കോര്‍ കേട്ടിട്ടേയില്ല. അപ്പോഴാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹെഗ്ലി ഓവലില്‍ മായ ലൂയിസിന്റെ നേതൃത്വത്തില്‍ ന്യൂസിലന്റ് ദയാരഹിതമായി പാക് ബൗളര്‍മാരെ കശാപ്പ് ചെയ്തത്. 70 പന്തില്‍ മായ നൂറ് കടന്നു. ടീം സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 455 റണ്‍സ്.

പുരുഷന്‍മാര്‍ പിന്നേയും ഒമ്പത് വര്‍ഷമെടുത്തു 400-ല്‍ എത്താന്‍. വാണ്ടറേഴ്‌സില്‍ നടന്ന ചരിത്ര മത്സരത്തില്‍ ഓസ്‌ത്രേലിയയും ദക്ഷിണാഫ്രിയും തമ്മിലെ മത്സരത്തില്‍ രണ്ട് ടീമുകളും 400 കടന്നിരുന്നു.

ന്യൂസിലന്റിനു വേണ്ടി ക്രീസിലെത്തിയ താരങ്ങളെല്ലാം നേരിട്ട പന്തുകളെക്കാള്‍ കൂടുതല്‍ റണ്‍സുകള്‍ നേടി. ഓപ്പണറായ എംകെ ഫ്രുയിന്‍ ഒഴിച്ച്. പക്ഷേ, ഫ്രുയിനും മോശമാക്കിയില്ല. അവര്‍ 21 പന്തില്‍ നിന്ന് ഒരു ഫോറിന്റെ പിന്‍ബലത്തില്‍ അത്രയും റണ്‍സെടുത്തു.

ലൂയിസ് 72 പന്തില്‍ 105 റണ്‍സെടുത്തു കിരണ്‍ ബലൂച്ചിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി.

ഓപ്പണര്‍മാരായ ഫ്രുയിനും ഡിഎ ഹോക്ലിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹോക്ലി 68 പന്തില്‍ നിന്നും 88 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്‌സുമടിച്ച അവരെ ഷബാന കൗസര്‍ ബൗള്‍ഡാക്കി. ടിഎല്‍ ആന്റേഴ്‌സണ്‍ 65 പന്തില്‍ 85 റണ്‍സെടുത്തു. സി എം നിക്കോള്‍സണ്‍ 53 പന്തില്‍ 73 റണ്‍സും ആര്‍ജെ റോള്‍സ് 16 പന്തില്‍ 32 റണ്‍സും കെ എം കീനന്‍ ആറ് പന്തില്‍ 11 റണ്‍സുമെടുത്തു. എക്‌സ്ട്രാസും മോശമാക്കിയില്ല. 40 റണ്‍സ് ആ വഴിക്കും വന്നു. 50 ഓവറില്‍ 9.1 റണ്‍ നിരക്കിലാണ് കിവീസ് 455 റണ്‍സ് എടുത്തത്.

രണ്ടാം വിക്കറ്റ് 195 റണ്‍സില്‍ വീണപ്പോള്‍ മൂന്നാം വിക്കറ്റ് 275 റണ്‍സിലും നാലാം വിക്കറ്റ് 355 റണ്‍സിലും അഞ്ചാം വിക്കറ്റ് 418 റണ്‍സിലും വീണു. എല്ലാ പാക് ബൗളര്‍മാരും ഓവറില്‍ എട്ട് റണ്‍സിന് മുകളില്‍ വഴങ്ങി. എട്ട് ബോളര്‍മാരാണ് കിവീസിനെതിരെ പരീക്ഷിക്കപ്പെട്ടത്. നാല് ഓവര്‍ എറിഞ്ഞ് 41 റണ്‍സ് വഴങ്ങിയ സുല്‍ത്താന യൂസഫ് ആണ് ശരാശരിക്കണക്കില്‍ ഏറ്റവും റണ്‍സ് വഴങ്ങിയത്. ഒരു ഓവറില്‍ 10.25 റണ്‍സ്. അതേസമയം, 10 ഓവര്‍ എറിഞ്ഞ ഷര്‍മീന്‍ ഖാന്‍ 87 റണ്‍സും വഴങ്ങി. ഷാസിയ ഖാന്‍ 86 റണ്‍സും ഷബാന കൗസര്‍ 84 റണ്‍സും വഴങ്ങി. ഷര്‍മീന്‍ രണ്ട് വിക്കറ്റുകളും ഷബാനയും കിരണ്‍ ബലൂച്ചും ഓരോ വിക്കറ്റുകളും വീഴ്ത്തി.

ടോസ് നേടിയ പാകിസ്താന്‍ വനിതകള്‍ കിവീസിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. മത്സരം അവസാനിച്ചപ്പോള്‍ കിവീസ് 408 റണ്‍സിന്റെ വിജയം കരസ്ഥമാക്കി. ഇതുമൊരു റെക്കോര്‍ഡാണ്. ഏറ്റവുമുയര്‍ന്ന വിജയ മാര്‍ജിന്‍.

പാകിസ്താന്‍ 23 ഓവറില്‍ 47 റണ്‍സിന് എല്ലാവരും പുറത്തായി. ഇരട്ടയക്കം കടന്നത് രണ്ട് പേര്‍. ഷഹബാസ് സൊഹെയ്ല്‍ (10), ഷര്‍മീന്‍ ഖാന്‍ (11). ഷഹബാസ് 60 പന്തില്‍ നിന്നാണ് 10 റണ്‍സെടുത്തത്. 14 പന്തില്‍ നിന്നുമാണ് ഷര്‍മീന്‍ 11 റണ്‍സെടുത്തത്. നാലു പേര്‍ പൂജ്യരായി മടങ്ങുകയും ചെയ്തു. റണ്‍റേറ്റ് 2.04.

കിവീസ് ബോളര്‍മാരില്‍ സിഎം നിക്കോള്‍സണ്‍ ഏഴ് ഓവറില്‍ 18 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെഎ ഫ്രൈയര്‍ അഞ്ച് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജെഇ ഹാരിസിന് രണ്ട് വിക്കറ്റും എച്ച് ആര്‍ ഡാളിക്ക് ഒരു വിക്കറ്റും കിട്ടി.

Leave A Reply

Your email address will not be published.