ചരിത്രം രചിച്ച് ഗോകുലം കേരള ഫുട്‌ബോള്‍ ക്ലബ്ബിന്റെ വനിതകള്‍. ടീം ദേശീയ വനിത ലീഗ് ചാമ്പ്യന്‍മാരായി. ഒരു കേരള ടീം ദേശീയ ലീഗ് ചാമ്പ്യനാകുന്നത് ഇതാദ്യമായിട്ടാണ്. പുരുഷന്‍ ടീമുകള്‍ക്ക് സാധിക്കാത്ത നേട്ടമാണ് വനിതകള്‍ കൈവരിച്ചത്.

ക്രിപ്‌സയെ 3-2 എന്ന സ്‌കോറിനാണ് ഗോകുലം തോല്‍പ്പിച്ചത്. ആവേശകരമായ മത്സരത്തിന്റെ ഒന്നാം മിനിട്ടില്‍ തന്നെ ഗോകുലം ഗോളടിച്ചു. പരമേശ്വരിയാണ് ഗോകുലത്തിന് ലീഡ് നല്‍കിയത്. തുടര്‍ച്ചയായി ഗോകുലം എതിരാളികളുടെ ഗോള്‍ മുഖത്ത് നടത്തിയ ആക്രമണം 27-ാം മിനിട്ടില്‍ വീണ്ടും ഫലപ്രാപ്തിയിലെത്തി. കമലാദേവിയുടെ ഫ്രീകിക്ക് ഗോള്‍.

ആദ്യ പകുതിയുടെ അവസാനത്തോടെ കോര്‍ണര്‍ കിക്കിലൂടെ ക്രിപ്‌സ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ രണ്ടാം ഗോളിനായി പൊരുതിയ ക്രിപ്‌സയ്ക്കുവേണ്ടി രത്‌നാ ബാല ദേവി ഗോള്‍ നേടി. ഒടുവില്‍ 86-ാം മിനിട്ടില്‍ ഗോകുലം ആരാധകരെ ആനന്ദത്തില്‍ ആറാടിച്ച് മൂന്നാം ഗോള്‍ സബിത്ര അടിച്ചു. സമനില ഗോളിനായി ക്രിപ്‌സ പരിശ്രമിച്ചുവെങ്കിലും ഗോകുലത്തിന്റെ പ്രതിരോധ നിരയെ തകര്‍ക്കാനായില്ല.

ഗോകുലം താരമായ നേപ്പാളുകാരിയായ സബിത്രയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. 18 ഗോളുകള്‍ അടിച്ചു.

ടൂര്‍ണമെന്റിലെ എല്ലാ കളികളും മികച്ച സ്‌കോറിന് ജയിച്ചാണ് ഗോകുലം ഫൈനലിന് എത്തിയത്. ക്രിപ്‌സയും എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു. കഴിഞ്ഞ തവണ സെമിയില്‍ ഗോകുലത്തിന്റെ പോരാട്ടം അവസാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *