Take a fresh look at your lifestyle.

ഇടവേള ബാബുവല്ല ഇടനില ബാബുവാണ്‌

4,087

ശ്രീചിത്രന്‍ എംജെ

ഈ ഇടവേള ബാവു ഒക്കെ പറയുന്ന പിച്ചും പേയും കൂടുതലൊരു വിശകലനവുമര്‍ഹിക്കുന്നില്ല. പക്ഷേ അയാള്‍ പറഞ്ഞ ഏതെങ്കിലും സവിശേഷമായ പോയന്റ് അല്ല , അഭിമുഖത്തില്‍ സമഗ്രമായി അയാള്‍ എടുത്ത നിലപാട് ഒരു പുരുഷന്‍ സൂക്ഷ്മമായി കാണേണ്ടതാണ് ആണ് എന്ന് എനിക്ക് തോന്നുന്നു. സ്വയം കണ്ണാടി നോക്കാനും മനുഷ്യനെന്ന നിലയില്‍ മെച്ചപ്പെടാനും അത് സഹായിക്കും.

ആദിമധ്യാന്തം ബാബു സൂക്ഷിക്കുന്ന സ്വഭാവം ഡിപ്ലോമസി ആണ് . അയാള്‍ പറഞ്ഞ ഏതു സവിശേഷവാചകത്തെക്കാളും എനിക്ക് അശ്ലീലമായി തോന്നിയത് അതാണ് . ‘നമ്മള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല ‘ ‘ആവശ്യമില്ലാത്ത കാര്യം ഞാന്‍ എന്തിനു പറയണം ‘ ‘എന്നോട് ചോദിക്കുന്നതിന് ഞാന്‍ മറുപടി പറഞ്ഞാല്‍ പോരേ ‘ ‘എന്നെ എല്ലാവര്‍ക്കും പൊതുവേ സമ്മതമാണ് ‘ ‘ .എല്ലാവരോടും എനിക്ക് നല്ല ബന്ധമാണ്’ എന്നിങ്ങനെ ആവര്‍ത്തിച്ചുവരുന്ന ഈ മധ്യവര്‍ത്തി നില അധികാരമുള്ള പുരുഷനു മാത്രം കൈക്കൊള്ളാവുന്ന അശ്ലീലമാണ് എന്ന് അയാള്‍ തിരിച്ചറിയുന്നതേയില്ല. ഈ മധ്യവര്‍ത്തി നിലയിലാണ് ഇന്നാട്ടിലെ ഒരു പ്രശ്‌നത്തിലും ഇടപെടാത്ത ‘നന്മയുള്ള പുരുഷന്മാര്‍’ എന്നും ജീവിച്ചുപോരുന്നത്. അവര്‍ക്കെതിരെ ഒരു ആരോപണവും ഉണ്ടാവില്ല. അവരുടെ വസ്ത്രം എപ്പോഴും ഒരു കറയും പുരളാതെ വിശുദ്ധമായി ഇരിക്കും.

ഇന്നലെ പാര്‍വ്വതിയുടെ നിലപാടിനെ എല്ലാവരും പ്രശംസിക്കുമ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമുണ്ട്. നടന്‍ സിദ്ദിഖിന് തിരെ ഒരു നടി ഉന്നയിച്ച അതീവഗുരുതരമായ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാബുവിന്റെ മറുപടി ‘അക്കാര്യം മുന്‍പേ സിദ്ദീഖ് ഞങ്ങളുടെ യോഗത്തില്‍ പറഞ്ഞതാണ് ‘ എന്നായിരുന്നു.

എന്തു പറഞ്ഞു എന്ന് ? ഞാന്‍ ഇങ്ങനെ ഒരു തെമ്മാടിത്തരം കാണിച്ചിട്ടുണ്ട്, അതിനെപ്പറ്റി ഇനി ആരോപണം വരാന്‍ സാധ്യതയുണ്ട്, എല്ലാവരും കൂടെ നിന്ന് സഹായിക്കണമെന്നോ ? അതോ എനിക്കെതിരെ ഇങ്ങനെ ഒരു ഗൂഢാലോചന പിന്നില്‍ ഒരുങ്ങുന്നുണ്ട് (അതെങ്ങനെ വരും മുമ്പ് അയാള്‍ അറിഞ്ഞു എന്ന ചോദ്യമില്ല ) സംഘടന ആദ്യമേ അത് അറിഞ്ഞിരിക്കാന്‍ ആയി ഞാന്‍ പറയുകയാണ് എന്നോ ? രണ്ടായാലും ആദ്യമേ പറഞ്ഞിട്ടുണ്ട് എന്ന പ്രസ്താവനയോടെ ആ പേജ് ഈസിയായി ബാബു മറിക്കുന്നു.

ഞങ്ങളുടെ ആണ്‍ സഭയില്‍ ആദ്യമേ ആ പ്രശ്‌നം സംസാരിച്ച തോടുകൂടി പിന്നെ അതൊരു വിഷയമേ അല്ല എന്നുവരുന്നു. മറ്റൊന്നു നോക്കുക, ആര്‍ എല്‍ വി രാമകൃഷ്ണന്‍ വിഷയത്തിലുള്ള ചോദ്യത്തില്‍ ‘ലളിത ചേച്ചി അങ്ങനെ ചെയ്യില്ല ‘ എന്നിടത്ത് നിര്‍ത്താതെ, ‘ഇപ്പോള്‍ അങ്ങനെയൊക്കെ ഉണ്ടോ ? നമ്മളൊക്കെ പോകുന്നത് അങ്ങനെയാണോ ? ഒരാള്‍ നായര്‍ ആയതുകൊണ്ടാണ് പരിഗണിക്കാമെന്ന് ഒക്കെ ഇപ്പോള്‍ ആരെങ്കിലും കരുതുന്നുണ്ടോ ‘ എന്നൊക്കെ അതീവ നിഷ്‌കളങ്ക ഛായയില്‍ ബാബു ചോദിക്കുന്നു. എങ്ങനെയാണ് സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത് എന്നതിനെപ്പറ്റി അടിസ്ഥാന ധാരണയില്ല എന്നു മാത്രമല്ല ആ ധാരണാ രാഹിത്യത്തെ തന്നെ ഒരു മൂലധനമായി ഉപയോഗിക്കാന്‍ അധികാരമുള്ള പുരുഷന്‍ എന്ന നിലയില്‍ എനിക്ക് അവകാശം ഉണ്ട് എന്നതാണ് പ്രധാനം.

സ്വന്തം മദ്ധ്യവര്‍ത്തി നിലയെ ന്യായീകരിക്കാനായി ‘ എനിക്കുള്ള മിക്കവാറും സുഹൃത്തുക്കള്‍ സ്ത്രീകളാണ് ‘ എന്നും, ‘സിനിമയിലെ മുതിര്‍ന്ന തലമുറയിലെ സ്ത്രീകള്‍ മുതല്‍ എല്ലാവരോടും വളരെ ബഹുമാനപൂര്‍വ്വം ആണ് ഞാന്‍ ഇടപെട്ടിട്ടുള്ളത് എന്നും, അവരെല്ലാം എന്നെ സ്‌നേഹിക്കുന്നു ‘ എന്നും ബാബു പാട്രിയാര്‍ക്കി ഒപ്പം നില്‍ക്കുന്ന സ്ത്രീകളെ തന്നെ കണ്ടെത്തി സ്വന്തം മദ്ധ്യവര്‍ത്തി നിലക്ക് ന്യായീകരണം ചമയ്ക്കുന്നു.

ഇനി തുടര്‍ന്ന് പാര്‍വതി പറഞ്ഞതും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ആയ വാചകം എടുത്താല്‍ ‘മരിച്ചു പോയവരെപ്പറ്റി ചിക്കേണ്ടതില്ലല്ലോ ‘ എന്ന വാചകം ശരിയാണ്, നിങ്ങള്‍ക്ക് അവര്‍ മരിച്ചവര്‍ തന്നെയാണ്. നിങ്ങളുടെ സംഘടനയുടെ നിലവിലുള്ള ഘടനയനുസരിച്ച് അതിനകത്തുള്ളവര്‍ക്ക് മാത്രം നിത്യജീവനും പുറത്തുള്ളവര്‍ക്ക് നിത്യനരകവുമാണ്. അതു കൊണ്ട് നിങ്ങള്‍ക്കിടയിലെ ഒരാളുടെ പ്രവൃത്തിയാല്‍ മുറിവേറ്റ നിങ്ങള്‍ക്കിടയില്‍ത്തന്നെയുള്ള മറ്റൊരാളെ നിങ്ങള്‍ തഴയുന്നതോടെ അവര്‍ നിങ്ങള്‍ക്ക് മരിച്ചവര്‍ തന്നെയാണ്.

പക്ഷേ സംഘടനാപരമായി അതൊരു സ്വാഭാവികമരണമല്ല, ഒരു കൊലപാതകമായിരുന്നു എന്ന കാര്യം അത്യന്തം അശ്ലീലമായ ഡിപ്ലോമസിയില്‍ മറക്കുകയാണ് ബാബു . മറ്റൊരു ഇടത്തില്‍ താരങ്ങള്‍ വാങ്ങുന്ന അമിത പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു മെഗാ താരത്തിനും വിഷമം തോന്നാത്ത വിധം ‘അത്തരം താരങ്ങളുടെ കൂടെ ചെലവില്‍ അഞ്ചോ പത്തോ ആളുകള്‍ ജീവിക്കുന്നുണ്ട് ‘ എന്നാണ് ഉത്തരം. ബാക്കി എല്ലാം വ്യക്തിപരമായ തോന്നലുകള്‍ ആണ്.

‘ഞാനറിയുന്ന ദിലീപ് അതു ചെയ്യില്ല ‘, ‘ഞാനറിയുന്ന സിദ്ധിഖ് അതു ചെയ്യില്ല ‘ ‘ഞാനറിയുന്ന ലളിതച്ചേച്ചി അതു ചെയ്യില്ല’ എന്നിങ്ങനെ അതു നീളുന്നു. ഈ ഞാനറിവുകളുടെ ഭാരം ചുമന്നാണ് എപ്പോഴും മലയാളി പുരുഷന്റെ ന്യായീകരണപാഠം നിലനില്‍ക്കുന്നത്.

ഞാനറിവുകളേക്കാള്‍ പ്രധാനമാണ് ജ്ഞാനശാസ്ത്രപരമായ അറിവുകള്‍ എന്ന് മനസ്സിലാക്കാനറിയാത്ത ഈ ഞാനറിവുകളുടെ എത്രയോ പ്രബന്ധങ്ങള്‍ ഓര്‍മയിലുണ്ട്. ഒന്നുകില്‍ ഞാനറിവില്‍ അവന്‍/ അവള്‍ ഫ്രോഡാണ്, അല്ലെങ്കില്‍ ഞാനറിവില്‍ അവന്‍/ അവള്‍ വിശുദ്ധനോ മഹാജ്ഞാനിയോ ആണ്. രണ്ടായാലും ഉന്നയിക്കപ്പെട്ട വിഷയം എന്റെ ഞാനറിവിനു മുന്നില്‍ റദ്ദ് ചെയ്യപ്പെടുന്നു.

ആകെമൊത്തം ടോട്ടല്‍ ഉള്ള ഈ ‘മാമനോട് ഒന്നും തോന്നല്ലേ മക്കളെ ‘ ടോണ്‍ ആണ് പാട്രിയാര്‍ക്കി പുരുഷന് നല്‍കുന്ന ഏറ്റവും വലിയ സൗകര്യം. ഒന്നിലും തീര്‍ച്ചയായും മൂര്‍ച്ചയുള്ള നിലപാട് ഇല്ലാതെ ഇരിക്കുകയാണ് നിങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുഗമവും സൗകര്യപ്രദവുമായ വഴിയൊരുക്കി തരിക.

‘നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ‘ എന്ന് ഒറ്റവാചകത്തില്‍ തീരുന്നതാണ് ‘അവന്’ എല്ലാ പ്രശ്‌നവും . തീര്‍ച്ചയുള്ള പക്ഷത്തില്‍, അതിന്റെ രാഷ്ട്രീയത്തില്‍ സംസാരിക്കാന്‍ ആരംഭിക്കുന്നതോടുകൂടി ഏതു പുരുഷനും പുരുഷസമൂഹത്തില്‍ നിന്നുതന്നെ വിചാരണ നേരിടേണ്ടിവരും. അതോടെ ആ പുരുഷന്‍ സമൂഹത്തില്‍ തിരുത്തപ്പെടാനും സ്വയം തിരുത്താനും ബാധ്യത ഉള്ളവന്‍ ആയിത്തീരുന്നു. ഇടവേള ബാബുവില്‍ ആ പ്രതിസന്ധിയെ ഇല്ല .

കാരണം ഇടവേളബാബു ഇടനാട് കേരളത്തിലെ ഭൂരിപക്ഷ പുരുഷ സമൂഹത്തിന്റെ പ്രതിനിധിയും പ്രതീകവുമാണ്. അത്തരം മനുഷ്യരെ വെറുതെ ഒന്ന് നിരത്തില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് ഇഷ്ടം പോലെ കാണാം. ‘എല്ലാവരും എന്റെ സുഹൃത്തുക്കള്‍ ആണ്, ഏതു ഗവണ്‍മെന്റ് വന്നാലും അവരൊക്കെ എന്റെ കൂട്ടുകാരാണ്,ഉമ്മന്‍ ചാണ്ടി സാറും പിണറായി സാറും എനിക്ക് നല്ലതേ ചെയ്തിട്ടുള്ളൂ , കീരിയും പാമ്പും എന്റെ കൂട്ടുകാരാണ്. ഞാന്‍ പുലിയേയും മാന്‍കുട്ടിയെയും ഒരുപോലെ സ്‌നേഹിക്കുന്നു.

അഥവാ മാന്‍കുട്ടിയെ പുലി പിടിച്ചാല്‍ തന്നെ നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നത് ? ‘ – ഇങ്ങനെ ജീവിക്കാനുള്ള സൗകര്യം പാട്രിയാര്‍ക്കി ആണിന് നല്‍കുന്ന സൗഭാഗ്യമാണ്. ആ സൗഭാഗ്യം വേണ്ട എന്ന് വെക്കുന്നതോടുകൂടി നിങ്ങള്‍ ആണ്‍കോയ്മയുടെ ആണ്‍ സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നു. പിന്നെ നിങ്ങളെ ആണ്‍സമൂഹം കൂടി വിചാരണ ചെയ്യും.

ചുരുക്കി പറഞ്ഞാല്‍, ഇടനില ബാബു എന്നാണ് വിളിക്കേണ്ടത്. ആ ഇടനില ബാബുവിന്റെ ‘പാട്രിയാര്‍ക്കിയല്‍ ഡിപ്ലോമസി’ ബാബുവിന്റെ മാത്രമല്ല ആണ്‍ സമൂഹത്തിന്റെ മുഴുവന്‍ സമ്പത്താണ്. എത്രകണ്ട് ആ സമ്പത്തിനെ തിരസ്‌കരിക്കാനും സര്‍വ്വജനപ്രിയത്വത്തേക്കാള്‍ അപ്രിയസത്യങ്ങള്‍ പറയാന്‍ കൂടി കരുത്തുള്ള നാവും തലച്ചോറും വികസിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ആധുനീകരിക്കപ്പെട്ട പുരുഷന്‍ നേരിടുന്ന പ്രധാന ചോദ്യം.

Leave A Reply

Your email address will not be published.