1968-ല്‍ എഞ്ചിനീയറിങ്ങിന് അഡ്മിഷന്‍ തേടി ചെല്ലുമ്പോള്‍ അഡ്മിഷന്‍ നല്‍കുന്നതിന് കോളെജ് പ്രിന്‍സിപ്പല്‍ സുധാ മൂര്‍ത്തിക്ക് മുന്നില്‍ മൂന്ന് നിബന്ധനകള്‍ വച്ചു. കോളെജില്‍ സാരി ഉടുത്ത് വരണം, കാന്റീനില്‍ കയറരുത്, ആണ്‍കുട്ടികളോട് സംസാരിക്കരുത് എന്നിവയായിരുന്നു നിബന്ധനകള്‍.

സ്ത്രീകള്‍ പഠിക്കുന്നതിന് എതിരെ സമൂഹത്തില്‍ അപ്രഖ്യാപിത വിലക്കുകള്‍ നിലനിന്നിരുന്ന കാലത്താണ് പഠിക്കാനുള്ള ആഗ്രഹവുമായി എത്തിയ സുധാമൂര്‍ത്തിക്ക് മുന്നില്‍ പ്രിന്‍സിപ്പല്‍ നിബന്ധകള്‍ വച്ചത്. അതും കോളെജിന്റെ ചരിത്രത്തിലെ ആദ്യ പെണ്‍കുട്ടി. ആ പെണ്‍കുട്ടി ഇന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ ആണ്.

ഈ വെള്ളിയാഴ്ച സോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോന്‍ ബനേഗ കോര്‍പതിയില്‍ അതിഥിയായി എത്തുന്നത് സുധാ മൂര്‍ത്തിയാണ്. പരിപാടി അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്റെ ചോദ്യങ്ങള്‍ സുധയുടെ ജീവിതത്തിന്റെ ഏടുകളിലേക്ക് വെളിച്ചം വീശുന്നു.

ഹുബ്ലിയിലെ എഞ്ചിനീയറിങ് കോളെജില്‍ പ്രവേശനം നേടുന്ന ആദ്യ പെണ്‍കുട്ടിയാണ് സുധ. എഞ്ചിനീയറിങ് പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്ന സുധ അന്ന് ഏറെ പ്രതിഷേധങ്ങളും അപമാനങ്ങളും സഹിച്ചു.

ആദ്യ പ്രതിഷേധം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. അമ്മൂമ്മയില്‍ നിന്ന്. പഠിച്ച പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാന്‍ സമുദായത്തില്‍ നിന്ന് ആരും മുന്നോട്ട് വരില്ലെന്നതായിരുന്നു അമ്മൂമ്മയുടെ പേടി. തീരുമാനം പിന്‍വലിക്കാന്‍ ധാരാളം പേര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മുന്നോട്ട് പോകാന്‍ സുധ തീരുമാനിച്ചു. 599 ആണ്‍കുട്ടികള്‍ പഠിക്കുന്ന ആ കോളെജിലെ ഏക പെണ്‍തരിയായിരുന്നു അവര്‍.

നല്ല മാര്‍ക്കുണ്ടായിരുന്നതിനാല്‍ പ്രവേശനം നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. പക്ഷേ മൂന്ന് നിബന്ധകള്‍ അദ്ദേഹം മുന്നോട്ടുവച്ചു.

ആദ്യ നിബന്ധന അവര്‍ സമ്മതിച്ചു. രണ്ടാമത്തേത്, കാന്റീന്‍ വളരെ മോശമായതിനാല്‍ ആ വഴിക്ക് അവര്‍ പോയില്ല. മൂന്നാമത്തേത്, ഒന്നാം വര്‍ഷം അവര്‍ ആരോടും മിണ്ടിയില്ല. രണ്ടാം വര്‍ഷം അവര്‍ ഒന്നാം റാങ്ക് വാങ്ങിച്ചു. ആണ്‍കുട്ടികള്‍ ഇങ്ങോട്ട് വന്ന് സംസാരിച്ച് തുടങ്ങി.

ആണ്‍കുട്ടികള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ആ കോളെജില്‍ സുധ അഭിമുഖീകരിച്ച പ്രശ്‌നം അവിടെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല എന്നതാണ്. ആ അനുഭവം പിന്നീട് അവരുടെ ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കുന്നതില്‍ സ്വാധീനം ചെലുത്തി.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ഗണന നല്‍കുന്നത് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ്. ഇതുവരെ 16,000-ത്തോളം ടോയ്‌ലറ്റുകള്‍ ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *