Take a fresh look at your lifestyle.

തുടര്‍ ഭരണം പിടിക്കാന്‍ കെ കെ ശൈലജ വേണം: സിപിഐഎം അനുഭാവികള്‍ക്കിടയില്‍ ചര്‍ച്ച

577

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫ് തുടര്‍ഭരണം പിടിക്കും എന്ന കണ്ടെത്തലിന് പിന്നാലെ സര്‍ക്കാരിനും സിപിഐഎമ്മിനും പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപിയും ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉന്നയിച്ചത് മൂലം ഉണ്ടായ പ്രതിച്ഛായാ നഷ്ടം നികത്താന്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നു. ഇടതുപക്ഷ അനുഭാവികളില്‍ നിന്നാണ് മുഖ്യമായും ഇത് ഉയരുന്നത്.

എന്നാല്‍ 1996-ല്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രചരിപ്പിച്ചശേഷം വഞ്ചിച്ചത് പോലെയാകും ശൈലജയുടെ വിധിയെന്നും എതിര്‍ അഭിപ്രായം രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്നു.

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ശൈലജയ്ക്ക് അനുകൂലമായ ചര്‍ച്ച ഉയരുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ പദ്ധതിയിലും കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ബിജെപി മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന് ക്ഷീണം ചെയ്യുമെന്ന നിരീക്ഷണം ഉയരുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി അഴിമതി ചെയ്യില്ലെന്ന ഉറപ്പ് ജനങ്ങള്‍ക്കുണ്ടെന്ന പ്രചാരണമാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടത്തുന്നത്.

ലാവ്‌ലിന്‍ കേസില്‍ വര്‍ഷങ്ങളോളം മാധ്യമങ്ങള്‍ വേട്ടയാടിയതും നിറം പിടിപ്പിച്ച കഥകള്‍ എഴുതിയിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് അദ്ദേഹത്തിന് എതിരെ തെളിവുകള്‍ കണ്ടെത്താനാകാതെ വിവിധ കോടതി വിധികള്‍ അദ്ദേഹത്തിന് ആശ്വാസം നല്‍കിയിരുന്നു. അതിനാല്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്ന പ്രചാരണം പിണറായിയെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.

എന്നാല്‍, നിപയും കോവിഡും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ശൈലജ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് അവരെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ കരുതുന്നു.

ശൈലജയും കണ്ണൂരില്‍ നിന്നാണ് വരുന്നതെങ്കിലും കണ്ണൂര്‍ ലോബിയിലെ പ്രമുഖര്‍ അവര്‍ക്ക് തടസ്സമായി മാറുമെന്ന വാദവും ഉണ്ട്.

# കെ കെ ശൈലജ

Leave A Reply

Your email address will not be published.