മെല്‍ബണില്‍ നടന്ന ടി20 മത്സരത്തില്‍ ഓസ്‌ത്രേലിയയെ തകര്‍ത്ത് ഇന്ത്യ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. സ്മൃതി മന്ദാനയുടേയും ഷെഫാലി വര്‍മ്മയുടേയും പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് വിജയം നേടി.

ഓസ്‌ത്രേലിയയുടെ 173 റണ്‍സ് ലക്ഷ്യമിട്ട ഇന്ത്യ മന്ദാന 55 റണ്‍സിന്റേയും ഷെഫാലിയുടെ 49 റണ്‍സിന്റേയും ബലത്തിലാണ് വിജയം പിടിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 85 റണ്‍സെടുത്ത് വിജയത്തിന് അടിത്തറയിട്ടു.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ബൗളര്‍മാരെ നിക്ഷ്പ്രഭരാക്കി ആഷ്‌ലി ഗാര്‍ഡ്‌നര്‍ 57 പന്തില്‍ 93 അടിച്ച് കൂട്ടി. പക്ഷേ, അവരുടെ പ്രയത്‌നത്തെ വിഫലമായി.

ഇന്ത്യ ഒരു മാറ്റവും ഓസ്‌ത്രേലിയ മൂന്ന് മാറ്റങ്ങളും വരുത്തിയാണ് മത്സരത്തിനിറങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി ഹര്‍ലീന്‍ ഡിയോള്‍ ഇറങ്ങിയപ്പോള്‍ വേദ കൃഷ്ണമൂര്‍ത്തി കരയ്ക്കിരുന്നു. ഓസ്‌ത്രേലിയക്കുവേണ്ടി മെഗ് ലാന്നിങ്, സോഫി മോളിനോക്‌സ്, ഡെലിസ്സ കിമ്മിന്‍സ് എന്നിവര്‍ ജോര്‍ജ്ജിയ വാര്‍ഹെം, അന്നബെല്‍ സതര്‍ലന്റ്, ടായ്‌ല വ്‌ലെമിങ്ക് എന്നിവര്‍ക്ക് പകരമിറങ്ങി.

ഇന്ത്യയുടെ ഓപ്പണിങ് ബൗളറായ ദീപ്തി ശര്‍മ്മ കളിയുടെ രണ്ടാം പന്തില്‍ തന്നെ ഓസീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഫോമിലില്ലാത്ത അലിസ്സ ഹെയ്‌ലിയെ പൂജ്യത്തിന് ദീപ്തി പുറത്താക്കി. 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ ദീപ്തി വീഴ്ത്തി.

രണ്ടാം പന്തില്‍ ആദ്യ വിക്കറ്റ് വീഴ്ന്നതിന്റെ കുലുക്കമൊന്നുമില്ലാതെയാണ് മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ ആഷ്‌ലി ബാറ്റ് വീശിയത്. അവര്‍ ശിഖ പാണ്ഡേയുടെ രണ്ട് ഓവറില്‍ 18 റണ്‍സ് എടുത്തു. ഇത് ഓസീസ് നിരയില്‍ ആശ്വാസം പകര്‍ന്നു. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് ഓസ്‌ത്രേലിയ സ്‌കോര്‍ ചെയ്തത്. ഇതില്‍ 34 റണ്‍സും ആഷ്‌ലിയുടെ വകയായിരുന്നു.

39 റണ്‍സ് എടുത്തപ്പോള്‍ ആഷ്‌ലിയെ പുറത്താക്കാന്‍ അര്‍ദ്ധ അവസരം കിട്ടിയിട്ടും ഇന്ത്യയ്ക്ക് മുതലെടുക്കാനായില്ല. 62 റണ്‍സ് എടുത്ത ആഷ്‌ലി-ബെത്ത് കൂട്ടുകെട്ട് പൊളിഞ്ഞത് 16 റണ്‍സെടുത്ത ബെത്ത് പുറത്തായപ്പോഴാണ്. അതിന് പിന്നാലെ ആഷ്‌ലി 33 പന്തില്‍ തന്റെ രണ്ടാം ട20 അര്‍ദ്ധ സെഞ്ച്വറി തികച്ചു.

കരിയറിലെ ആദ്യ സെഞ്ച്വറിയടിക്കുമെന്ന് തോന്നിപ്പിച്ച് ആഷ്‌ലി ബൗണ്ടറികള്‍ പറത്തി. 86-ാം റണ്‍സില്‍ ആഷ്‌ലിയെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് രണ്ടാമതൊരു അവസരം കൂടെ നല്‍കിയിട്ടും പാഴാക്കി. വളരെ എളുപ്പത്തില്‍ സ്റ്റമ്പ് ചെയ്യാനുള്ള അവസരം ടാനിയ ഭാട്ടിയ പാഴാക്കി. മെഗ് ലാന്നിങ്ങിനെ കൂട്ട് പിടിച്ച് ആഷ്‌ലി നാലാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

ഒടുവില്‍ 17-ാം ഓവറില്‍ ഇന്ത്യ ആഷ്‌ലിയെ പുറത്താക്കി. മിഡ് ഓഫില്‍ സിക്‌സടിക്കാന്‍ ശ്രമിച്ച ആഷ്‌ലി ശര്‍മ്മയുടെ കൈകളില്‍ വിശ്രമിച്ചു. തുടര്‍ന്നുള്ള അവസാന മൂന്ന് ഓവറുകളില്‍ കേവലം 20 റണ്‍സ് മാത്രമേ ഇന്ത്യയുടെ ബൗളര്‍മാര്‍ വിട്ടുനല്‍കിയുള്ളൂ.

ഇന്ത്യയുടെ ചേസിങ്ങും വെടിക്കെട്ടോടെയായിരുന്നു. പവര്‍ പ്ലേയില്‍ ഓപ്പണിങ്ങ് കൂട്ടുകെട്ട് 70 റണ്‍സ് എടുത്തു. ഈ പരമ്പരയിലെ മികച്ച പ്രകടനം. ഇന്ത്യ ആദ്യ 50 റണ്‍സ് തികച്ചത് വെറും 26 പന്തില്‍ നിന്നാണ്. 85 റണ്‍സെടുത്ത ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ഓസീസ് പൊളിച്ചത് ഷെഫാലിയെ പുറത്താക്കിയാണ്. അര്‍ദ്ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ ഷെഫാലി നിക്കോള കാറെയ്ക്ക് പിടിനല്‍കി പുറത്തായി.

മൂന്നാമതെത്തിയ ജെമീമ റോഡ്രിഗസും റണ്‍സ് എളുപ്പത്തില്‍ കണ്ടെത്തി. 11-ഓവറില്‍ നൂറ് റണ്‍സ് കടന്ന ഇന്ത്യയ്ക്ക് അവസാന ഒമ്പത് ഓവറില്‍ 65 റണ്‍സിന്റെ ആവശ്യമേ വേണ്ടി വന്നുള്ളൂ. ജെമീമ 19 പന്തില്‍ 30 റണ്‍സ് എടുത്തു. 44 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച മന്ദാന 55 റണ്‍സിന് പുറത്തായി. ഒടുവില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കേ, കൗറും ദീപ്തിയും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്തടുപ്പിച്ചു. ആഷ്‌ലിയാണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *