തെലങ്കാനയില്‍ ഒരു അമ്മ 1400 കിലോമീറ്റര്‍ ഇരുചക്രവാഹനമോടിച്ച് മകനെ വീട്ടിലേക്ക് തിരിച്ചെത്തിച്ചപ്പോള്‍ അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഒരു യുവതി ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിനായി 60 കിലോമീറ്റര്‍ നടന്നു. കോവിഡ്-19 മൂലം രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഇരുവരേയും സാഹസത്തിന് പ്രേരിപ്പിച്ചത്.
തെലങ്കാനയിലെ റസിയ ബീഗം (48) മൂന്ന് ദിവസമെടുത്താണ് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ കുടുങ്ങിപ്പോയ മകനെ ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിച്ചത്. പൊലീസിന്റെ അനുവാദത്തോടെ തിങ്കളാഴ്ച രാവിലെയാണ് റസിയ കഠിനമായ യാത്ര ആരംഭിച്ചത്. ഒറ്റയ്ക്ക് നെല്ലൂര്‍ വരെ ഇരുചക്രവാഹനമോടിച്ച് ചെന്ന അവര്‍ ഇളയ മകനേയും കൂട്ടി ബുധനാഴ്ച്ച വൈകുന്നേരം തിരിച്ച് വീട്ടിലെത്തി. പ്രഗല്ഭരായ ബൈക്ക് റൈഡര്‍മാര്‍ പോലും കാണിക്കാത്ത ചങ്കൂറ്റമാണ് അവര്‍ കാണിച്ചത്.
കഴിക്കാനായി ഭക്ഷണമായി റൊട്ടി കരുതിയിരുന്നു. രാത്രിയില്‍ ആളുകളും വാഹനങ്ങളും റോഡില്‍ ഇല്ലാത്തതിനാല്‍ പേടി തോന്നിയെന്ന് അവര്‍ പറയുന്നു.
ഹൈദാരാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മിസ്ട്രസാണ് റസിയ. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചുപോയ അവര്‍ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് വസിക്കുന്നത്. മൂത്തയാള്‍ എഞ്ചിനീയറിങ് ബിരുദധാരിയും രണ്ടാമത്തേയാള്‍ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന 19 വയസ്സുകാരന് നിസാമുദ്ദീനും.
നിസാമുദ്ദീന്‍ മാര്‍ച്ച് 12-ന് ഒരു സുഹൃത്തിനെ യാത്രയാക്കാനാണ് നെല്ലൂരില്‍ എത്തിയത്. തൊട്ടുപിന്നാലെ കൊറോണവൈറസ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും നെല്ലൂരില്‍ കുടുങ്ങുകയും ചെയ്തു. ഇതേതുടര്‍ന്നുണ്ടായ ആശങ്കയിലാണ് ഉമ്മ റസിയ സ്കൂട്ടറോടിച്ച് പോയി മകനെ തിരിച്ചെത്തിച്ചത്.
ഏപ്രില്‍ ആറിന് രാവിലെ ആരംഭിച്ച യാത്ര പിറ്റേന്ന് ഉച്ചയോടെ നെല്ലൂരിലെത്തി. അന്ന് തന്നെ മകനെ കൂട്ടി യാത്ര തിരിച്ച് ബുധനാഴ്ച്ച വീട്ടിലെത്തി. ബൈക്ക് റൈഡിന് പോകുകയാണെന്ന് കരുതി പൊലീസ് തടഞ്ഞാലോയെന്ന് പേടിച്ചിട്ടാണ് മൂത്തമകനെ വിടാതിരുന്നത്.
അതേസമയം, ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് കാമുകനെ വിവാഹം കഴിക്കുന്നതിന് 60 കിലോമീറ്റര്‍ യുവതി നടന്നത്. കൃഷ്ണ ജില്ലയിലെ ഹനുമാന് ജംഗ്ഷനില്‍ ജീവിക്കുന്ന ചിട്ടികല ഭവാനി (19) പെണ്‍കുട്ടി സമീപ ഗ്രാമമായ എടപ്പള്ളി ഗ്രാമത്തില്‍ വസിക്കുന്ന കാമുകന് സായ് പുന്നയ്യയെ വിവാഹം ചെയ്യാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് തീരുമാനിച്ചിരുന്നു.
നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് എതിര് നിന്നതിനെ തുടര്‍ന്നാണ് യുവതി വീടുവിട്ട് പോയത്.
വിവാഹത്തിനുശേഷം വീട്ടുകാരുടെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുന്നതിന് പൊലീസ് സഹായം തേടിയപ്പോഴാണ് പത്തൊന്‍പതുകാരിയുടെ സാഹസം പുറംലോകമറിയുന്നത്.