Take a fresh look at your lifestyle.

ആലുവക്കാരി ആര്‍ട്ടിക്കിലേക്ക്, കൃത്രിമം കാണിച്ചവരെ ഫിയല്‍ റാവന്‍ വെട്ടി

59

ആലുവക്കാരിയായ ഗീതു മോഹന്‍ ദാസ് ഫിയല്‍ റാവന്‍ എന്ന സ്വീഡിഷ് കമ്പനി നടത്തുന്ന ആര്‍ട്ടിക് പര്യവേഷണ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമ്പനി നടത്തിയ വോട്ടിങ്ങിലൂടെയാണ് ഗീതു തെരഞ്ഞെടുക്കപ്പെട്ടത്. ഗീതു മത്സരിച്ച ലോക ഗ്രൂപ്പില്‍ അടക്കം കൃത്രിമത്വവും യാത്രയുടെ ആത്മാവിന് ചേരാത്തതരത്തിലെ പ്രചാരണത്തിലൂടെ വോട്ട് നേടിയ ഇന്ത്യാക്കാരെ മുഴുവന്‍ കമ്പനി ഒഴിവാക്കി.

ഫിയല്‍ റാവന്റെ ആര്‍ട്ടിക് പര്യവേഷണത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യാക്കാരിയെന്ന റെക്കോര്‍ഡാണ് ഇതിലൂടെ ഗീതു കരസ്ഥമാക്കിയത്. സൗജന്യമായിട്ടാണ് 20 പേരടങ്ങുന്ന സംഘത്തെ കമ്പനി ആര്‍ട്ടിക്കിലേക്ക് കൊണ്ട് പോകുന്നത്. ഇതില്‍ പത്ത് പേരെയാണ് വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തത്.

നേരത്തെ നടന്ന ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഗീതു ഏറെ പിന്നിലാണ് എത്തിയതെങ്കിലും കമ്പനിയുടെ ഈ നടപടിയിലൂടെ ഗീതു വിജയിയായി. മത്സരാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മോശം പ്രചാരണം നടത്തിയെന്ന പരാതി കമ്പനിക്ക് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെയാണ് ഒഴിവാക്കിയത്.

ഡിസംബര്‍ 12-ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ഫലപ്രഖ്യാപനം അന്വേഷണം നടന്നതിനാല്‍ വൈകുകയായിരുന്നു. നീതിയുക്തമായ തെരഞ്ഞെടുപ്പാണ് കമ്പനി ലക്ഷ്യമിട്ടത്.

എന്നാല്‍ അതിന് വിരുദ്ധമായി കമ്പനിയുടെ മൂല്യങ്ങള്‍ക്ക് ചേരാത്തവിധം മലയാളികളടക്കമുള്ളവര്‍ വോട്ട് പിടിച്ചു. ഇത് അവര്‍ക്ക് തിരിച്ചടിയായി.

ഗീതുവിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതിന് പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇന്ത്യാക്കാരായവര്‍ ജാതിയും മതവും പ്രാദേശികവാദവും ഉയര്‍ത്തിയാണ് വോട്ട് തേടിയത്. ഇത് അവര്‍ക്ക് തിരിച്ചടിയായി.

Leave A Reply

Your email address will not be published.