റീമ ജുഫാലി (27) തയ്യാറായി കഴിഞ്ഞു. സൗദിയില്‍ നടക്കുന്ന ജാഗ്വാര്‍ ഐ-പേസ് ഇ-ട്രോഫി കാറോട്ട മത്സരത്തില്‍ പങ്കെടുക്കാന്‍. ചരിത്രമാണ് റീമയെ കാത്തിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന കാറോട്ട മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡ് റീമയുടെ പേരില്‍ ആകും.
ഇസ്ലാമിക രാജ്യമായ സൗദിയില്‍ ജനിച്ച് വളര്‍ന്ന റീമ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ പഠനത്തിനായി എത്തിയപ്പോഴാണ് ഡ്രൈവിങ് പരിശീലിക്കുന്നത്. കുട്ടിക്കാലത്തേ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ കണ്ട് വളര്‍ന്ന റീമയ്ക്ക് സൗദിയിലെ നിയമം ഡ്രൈവിങ് സീറ്റില്‍ എത്തുന്നതിനെ വിലക്കിയിരുന്നു.
സൗദിയില്‍ അടുത്ത കാലം വരെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിക്കാന്‍ പാടില്ലായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട വിലക്ക് മാറിയത് വനിതാ ആക്ടിവിസ്റ്റുകളുടെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്നാണ്. മുഹമ്മദ് ബിന്‍ സല്‍മാനാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിക്കാന്‍ അനുവാദം നല്‍കിയത്.
പ്രൊഫഷണല്‍ റേസിങില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് റീമ പറയുന്നു. സൗദിയുടെ തലസ്ഥാനമായ റിയാദിന് സമീപത്തെ ധിരിയായിലാണ് റേസിങ് സര്‍ക്യൂട്ട്. ജിദ്ദക്കാരിയാണ് റീമ. വിഐപി അതിഥി ഡ്രൈവറായിട്ടാണ് അവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.
സൗദി അറേബ്യയുടെ സ്പോര്‍ട്സ് അതോറിറ്റി തലവനായ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസല്‍ രാജ്യകുമാരന്‍ ഇതൊരു ചരിത്ര നിമിഷമാണെന്ന് പറഞ്ഞു.
റീമ പ്രൊഫഷണല്‍ കാറോട്ട മത്സരത്തില്‍ പങ്കെടുത്ത് തുടങ്ങിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഏപ്രിലില്‍ അവര്‍ എഫ് 4 ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. അവരുടെ ആദ്യം മത്സരം ഇതായിരുന്നു.
സൗദിയില്‍ റേസിങ് ലൈസന്‍സുള്ള ഏതാനും സ്ത്രീകളില്‍ ഒരാളാണ് റീമ. പ്രൊഫഷണല്‍ കാറോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഈ ലൈസന്‍സ് രാജ്യത്ത് ആവശ്യമാണ്. രാജ്യത്തിന് പുറത്തും കുറച്ച് സൗദി വനിതകളേ കാറോട്ട മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളൂ.
ഫ്രാന്‍സിലെ ലെ മാന്‍സ് മത്സരത്തില്‍ പങ്കെടുക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് റീമ പറയുന്നു. ലോകത്തിലെ ഏറ്റവും അഭിമാനകരമായ പോരാട്ടങ്ങളില്‍ ഒന്നാണ് ലെ മാന്‍സ്.