ഷാഹിന നഫീസ
അപ്പൊ അത് കഴിഞ്ഞു. കെ ടി ജലീല്‍. അയാള്‍ക്കെതിരെ ഒരു തെളിവും ഇല്ലെന്ന് ഇ ഡി.
ഇനി ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ.
23 കൊല്ലമായി ഈ പണി എടുക്കുന്നു. ഇവിടത്തെ ഒരു മാതിരിപ്പെട്ട എല്ലാ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും എന്നെ അറിയാം. പത്രപ്രവര്‍ത്തകര്‍ക്കും. ചെയ്യാനുള്ള പണി വെടിപ്പായി ചെയ്തതിന്റെ പേരില്‍ ആദ്യമായല്ല ആക്രമണം നേരിടുന്നത്.
ജലീല്‍ ‘ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിച്ചു എന്ന് പറഞ്ഞ് കഴിഞ്ഞ രണ്ട് ദിവസമായി അസഹിഷ്ണുത കൊണ്ട് കണ്ണ് കാണാതെയായ മാധ്യമ പ്രവര്‍ത്തകരായ എല്ലാ സുഹൃത്തുക്കളോടും ഒരൊറ്റ കാര്യമേ തത്കാലം പറയാനുള്ളൂ. സ്വന്തം സ്റ്റോറിക്ക് ഇരുപത്തിനാല് മണിക്കൂറിന്റെ എങ്കിലും ആയുസ്സ് ഉണ്ടാവണം.
ഓരോ ദിവസവും കൊണ്ട് വരുന്ന വാര്‍ത്തകള്‍ പിറ്റേന്ന് പപ്പടം പോലെ പൊടിയുന്നത് കണ്ടിട്ടും ലജ്ജയില്ലാതെ ഈ പണി തുടരാന്‍ നിര്‍ബന്ധിതരാവുന്ന നിങ്ങളുടെ ഗതികേട് കണ്ട് പോപ്കോണ്‍ കൊറിക്കാനുള്ള ദിവസമാണ് എന്തായാലും എനിക്ക് ഇന്ന്. പത്ത് കൊല്ലം മുന്‍പ് ചെയ്ത ഒരു സ്റ്റോറിയുടെ പേരില്‍ ഇന്നും കോടതി കയറി ഇറങ്ങുന്ന ആളാണ് ഞാന്‍.
പക്ഷേ ആ സ്റ്റോറി ഉണ്ടല്ലോ, അത് റോക്ക് സോളിഡ് ആയി അവിടെ തന്നെ കിടപ്പുണ്ട്. പൊളിഞ്ഞിട്ടില്ല. പൊളിയുകയും ഇല്ല.ഭരണകൂടത്തിന് ഹിതകരമായ ചോദ്യം ചോദിച്ചതിന് അല്ല ആ കേസ് വന്നത്. വ്യാജ രേഖ ഉണ്ടാക്കിയതിനും അല്ല.
ഇത്രയെങ്കിലും ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ എന്നെ എന്തിന് കൊള്ളാം?
ആ സ്ത്രീക്ക് അഹങ്കാരമാണ് എന്നല്ലേ നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്? അതേ. അത് തന്നെ. അഹങ്കരിക്കാനുള്ള കോപ്പ് ഉണ്ടായിട്ട് തന്നെയാണ്. ഒരു മന്ത്രിക്കെതിരെ ഒരു ആരോപണം വരുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം കൂടി എടുത്ത് അത് വാര്‍ത്തയാക്കുന്നത് ഒരു സാധാരണ കാര്യമാണ്.
Routine reporting എന്ന് നമ്മള് വിളിക്കുന്ന ഒരു കാര്യം. ഞാന്‍ ചെയ്ത മികച്ച സ്റ്റോറികളില്‍ ഒന്നായി ഞാന്‍ പോലും കരുതാത്ത ഒരു സാധാരണ സ്റ്റോറി. ബൈ ലൈന്‍ പോലും നിര്‍ബന്ധമില്ലാത്ത ഒരു വാര്‍ത്ത. അതിന്റെ പേരില്‍ ഇത്രയും കോലാഹലം ഉണ്ടായെങ്കില്‍ കേരളം എവിടെ എത്തി നില്ക്കുന്നു എന്ന് എല്ലാവരുമൊന്ന് ആലോചിക്കേണ്ടതാണ്.
നാളിതു വരെയുള്ള എന്റെ കരിയറില്‍ unfair ആയി ഒരൊറ്റ വാര്‍ത്ത പോലും കൊടുത്തിട്ടില്ല എന്ന അഹങ്കാരം ഉണ്ടെന്നേ.ഒരാള്‍ക്കെതിരെ ഒരു ആരോപണം ഉണ്ടായാല്‍ അയാള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാതെ അയാളെ ചാപ്പ കുത്തുന്ന, വേട്ടയാടുന്ന തരം ജേര്‍ണലിസം ഞാന്‍ ചെയ്യില്ലെന്ന് ഇവിടത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് പോലും ഉറപ്പുണ്ടാകും.
നരേന്ദ്രമോഡി , അയാളോട് വിധേയത്വം ഉള്ളവരോട് മാത്രം സംസാരിക്കുന്നതുപോലെയാണ് മന്ത്രി ജലീല്‍ എന്നോട് സംസാരിച്ചത് എന്ന് ഒരു അവതാരക പറഞ്ഞതായി കേട്ടു. അവരോട് എനിക്ക് ഒന്നേ പറയാന്‍ ഉള്ളൂ. സ്വന്തം പേരില്‍ നിന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് മൈനസ് ചെയ്താല്‍ എന്തെങ്കിലും ബാക്കി ഉണ്ടാവുമോ എന്ന് ഒന്ന് സ്വയം വിലയിരുത്തി നോക്കുന്നത് നല്ലതാണ്.
പത്ര മുത്തശ്ശിയുടെ ചന്തിയിലെ തഴമ്പിന്റെ ബലം അവിടന്ന് ഇറങ്ങുന്നത് വരെയേ ഉണ്ടാവൂ. അത് കഴിഞ്ഞാല്‍ ബാക്കി ആവേണ്ടത് അവരവരുടെ ക്രെഡിബിലിറ്റിയാണ്. മാധ്യമസ്ഥാപനങ്ങളുടെ വലിയ മൂലധനനിക്ഷേപം കണ്ട് മാധ്യമതൊഴിലാളികള്‍ കണ്ണ് മഞ്ഞളിക്കരുത്. പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് പോലും എടുക്കാവുന്ന ശമ്പളം ഇല്ലെന്നും ഒരു ദിവസം പുറത്തിറങ്ങേണ്ടി വന്നാല്‍ ആകെയുള്ള മൂലധനം അവരവരുടെ വിശ്വാസ്യത മാത്രമാണെന്നും ഓര്മ ഉണ്ടാവുന്നത് നന്ന്.
ഒരു സ്ഥാപനത്തിന്റെയും ചന്തിത്തഴമ്പിന്റെ പിന് ബലമില്ലാത്ത, ഒരു പ്രസ്സ് കാര്‍ഡ് പോലും ഇല്ലാത്ത, ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള, RSS ന്റെ മടയില്‍ ചെന്ന് കയറി അവര്‍ക്കെതിരെ നിരന്തരം വാര്‍ത്ത എഴുതിയിട്ടുള്ള എന്റെ പ്രിയ സുഹൃത്ത് നേഹ ദിക്ഷിതിന്റെ post വായിച്ചാണ് ഇന്നത്തെ ദിവസം തുടങ്ങിയത്.
ഇത്രയും എഴുതാനുള്ള ഊര്‍ജം നേഹയാണ് തന്നത്.
അപ്പോള്‍ ഇത്രയേ ഉള്ളൂ.ചെളിക്കുണ്ടില്‍ തന്നെ ജീവിക്കുമ്പോള്‍ ചെളി പെര്‍ഫ്യൂം ആയി തോന്നും. നിങ്ങളുടെ ആരുടെയും കുറ്റമല്ല.
ഇനി പറയാനുള്ളത് പി കെ ഫിറോസിനോടാണ്. മന്ത്രിയുമായി നടത്തിയ അഭിമുഖം നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെയായിരുന്നു എന്ന് അദ്ദേഹം ഏതോ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു എന്ന് കേട്ട് ഇന്നലെ രാത്രി തന്നെ അദ്ദേഹത്തെ ഞാന്‍ വിളിച്ചു.എന്നെ അറിയാത്ത ആളല്ല ഫിറോസ്.
മന്ത്രിക്ക് comfortable ആയ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു എന്നാണത്രെ അദ്ദേഹം ഉദ്ദേശിച്ചത്. ഫിറോസിനോട് ഫോണില്‍ പറഞ്ഞത് ഞാന്‍ ഇവിടെ ആവര്‍ത്തിക്കട്ടെ. മന്ത്രിക്ക് comfortable ആയ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു എന്നത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്. ഞാന്‍ അങ്ങനെ കരുതുന്നില്ല. നിലവില്‍ വിവാദമായ എല്ലാ കാര്യങ്ങളും ചോദിച്ചിട്ടുണ്ട്.പക്ഷേ അതൊരു വിമര്‍ശനമായി എടുക്കാന്‍ ഞാന്‍ തയ്യാറാണ്.
ഓരോ ദിവസവും സ്വയം തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ comfortable ആയ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു എന്ന് പറയുന്നതും ചോദ്യങ്ങള്‍ നേരത്തെ പറഞ്ഞുറപ്പിച്ചു എന്ന് പറയുന്നതും രണ്ടും രണ്ട് കാര്യമാണല്ലോ ഫിറോസേ. രണ്ടാമത്തേത് ഒരു വലിയ ആരോപണം ആണ്. അങ്ങനെ അഡ്ജസ്റ്റ്മെന്റ് ചെയ്യുന്ന ആളാണ് ഞാന്‍ എന്ന് കരുതാനുള്ള എന്തെങ്കിലും മുന്നനുഭവം ഫിറോസിന് പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും ഇല്ല എന്നാണല്ലോ ഫിറോസ് എന്നോട് പറഞ്ഞത്.
ഇന്നലെ ഫോണില്‍ പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കട്ടെ. എന്നെ കുറിച്ച് അങ്ങനെ കരുതാനുള്ള യാതൊരു മുന്‍ അനുഭവവും ഇല്ലാതിരുന്നിട്ടും ഇത്രയും ഗൗരവമുള്ള ഒരാരോപണം എനിക്കെതിരെ ഉന്നയിച്ചത് ഫിറോസ് ശീലിച്ച പൊതു ജീവിതസംസ്കാരത്തിന്റെ കുഴപ്പമാണ്. കാല് പണം കണ്ടാല്‍ കമിഴ്ന്നു വീഴുന്നവരെയും സ്ഥാപിത താല്പര്യത്തിന് വേണ്ടി സ്വന്തം തൊഴിലില്‍ വെള്ളം ചേര്‍ക്കുന്നവരെയും മാത്രമേ ഫിറോസ് കണ്ടിട്ടുണ്ടാവൂ. ഫിറോസിന്റെ ചുറ്റുമുള്ളവര്‍ എല്ലാം അങ്ങനെ ആയിരിക്കാം.
അങ്ങനെ അല്ലാത്ത മനുഷ്യരെ ഫിറോസിന് പരിചയം ഇല്ലാത്തത് താങ്കളുടെ ഒരു പരിമിതിയാണ്. പക്ഷേ എങ്കിലും ഒരു പൊതുപ്രവര്‍ത്തകനായ താങ്കള്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ കുറെ കൂടി ഉത്തരവാദിത്തബോധം കാണിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ നിങ്ങളുടെ ആരോപണങ്ങള്‍ക്കൊന്നും പത്ത് പൈസയുടെ വില ഇല്ലാതാവും.
എന്തായാലും കഴിഞ്ഞ രണ്ട് ദിവസത്തെ അനുഭവങ്ങള്‍ എനിക്ക് വലിയ പാഠമാണ്. പലരുടെയും യഥാര്‍ത്ഥ മുഖം കാണാന്‍ കഴിഞ്ഞു. നല്ലത്.
എനിക്ക് കൃത്യവും വ്യക്തവുമായ രാഷ്ട്രീയം ഉണ്ട്. ഞാന്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകയല്ല. എനിക്ക് പക്ഷമുണ്ട്.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്താണ് ഞാന്‍ . ഭരണഘടനയുടെ പക്ഷത്താണ്. ഇതൊക്കെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചൂട്ട് കത്തിച്ചു കൊടുക്കലല്ല എന്റെ പണി. അങ്ങനെ ചെയ്താല്‍ അല്ലാതെ ഈ തൊഴില്‍ എടുത്ത് ജീവിക്കാന്‍ പറ്റില്ല എന്നൊരു കാലം വന്നാല്‍ ഇതങ്ങ് നിര്‍ത്തും. അത്രയേ ഉള്ളൂ. അല്ലാതെ ഇങ്ങനെ കമിഴ്ന്നു വീഴില്ല.യജമാനപ്രീതിക്കായി ഇത്രയും അധഃപതിക്കില്ല.
കുറച്ച് വൈകാരികമായി പോയതിന് ക്ഷമ. അത്രയേറെ മുറിവുകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദിവസം കടന്ന് പോയത്.
(ഫേസ് ബുക്കില്‍ കുറിച്ചത്)