Take a fresh look at your lifestyle.

അതിരാണിപ്പാടത്തെ ഗൂഗിളില്‍ തിരഞ്ഞ വായനക്കാരി

336

അഞ്ജന സതീഷ്‌

ഒരു ദേശത്തിന്റെ കഥ – എസ്. കെ. പൊറ്റക്കാട്

#book_reading_18

ഞാന്‍ ആദ്യമായി വായനക്ക് ഹരിശ്രീ കുറിച്ചത് എസ്. കെ. പൊറ്റക്കാടിന്റെ സൃഷ്ടിയില്‍ നിന്നാണ്. ‘ബാലിദ്വീപ്’… അക്കാലത്തു ഇത്രയധികം യാത്രയെ ഇഷ്ടപെട്ട മറ്റൊരു മനുഷ്യനില്ലെന്നു തന്നെ നിശ്ശേഷം പറയാം. എത്ര സാഹസികമായാണ് അദ്ദേഹം ഓരോ യാത്രയും നടത്തിയിരുന്നത്. അദേഹത്തിന്റെ ഓരോ യാത്ര വിവരണങ്ങളിലും അദേഹത്തിന്റെ ഒരു സഹയാത്രികന്‍ ആയി നമ്മുക്ക് യാത്ര ചെയ്യാം.

അവിടുത്തെ ആളുകളോട് നമ്മുക്കും സംസാരിക്കാം അദേഹത്തിന്റെ കൂടെ സായാഹ്ന കാഴ്ചകള്‍ കണ്ടു നടക്കാം. പൊറ്റക്കാട് ഒരു മായാജാലക്കാരനാണ്. ആ മായാജാലക്കാരനോടുള്ള ആരാധന മൂര്‍ച്ഛിച്ചു ഒരു ഇന്തോനേഷ്യന്‍ യാത്രയും നൈല്‍ ഡയറിയും ഒക്കെ വായിച്ചു. ഈ മായാജാലം അദേഹത്തിന്റെ നോവലിലും കാണുമെന്നു ഞാന്‍ ഊഹിച്ചു. എന്റെ ഊഹം തെറ്റിയില്ല. മായാജാലക്കാരന്റെ മാന്ത്രിക വിദ്യകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അതിരാണി പാടവും ഇലഞ്ഞിപൊയിലും ഇത്ര മനോഹരമായി വര്‍ണിക്കാന്‍ മാറ്റാര്‍ക്കും സാധിക്കില്ല..

എന്റെ ഗ്രാമം പോലെ ഞാന്‍ ഓടി നടന്നു ശ്രീധരന്റെ കൂടെ അതിരാണിപ്പാടത്തും ഇലഞ്ഞിപൊയിലും. വെറ്റില തോട്ടത്തില്‍, നെല്‍പാടങ്ങളില്‍, കൊപ്രക്കളത്തിലിരുന്നു കാവല്‍ക്കാരന്റെ കൂടെ ആ മാസ്മരിക ഗന്ധവും സ്വാദുമുള്ള കൊപ്ര കഴിച്ചും, അപ്പുവിന്റെ കൂടെ മൂരിയെ കുളിപ്പിക്കാന്‍ വടക്കേ കുന്നിന്റെ അപ്പുറത്തുള്ള പുഴയില്‍ പോയും.

എന്റെ അപ്പച്ചിയുടെ വീട് പൂഞ്ഞാറാണ്, പാലാ അപ്പുറം. മീനച്ചിലാറിന്റെ കൈവഴിയുടെ തൊട്ടു അരികിലാണ് അപ്പച്ചിയുടെ വീട്.

വേനലവധിക്ക് അവിടെ എത്തിച്ചേരാന്‍ വല്യ ആവേശമാണ്.അവിടെ എത്തിയാല്‍ പിന്നെ ഞാനും എന്റെ ജേഷ്ഠനും ആറ്റില്‍ നിന്നും കേറുന്ന പ്രേശ്‌നമില്ല. രാവിലെ സൂര്യന്‍ കിഴക്കുണരും മുന്‍പേ ഞങ്ങള്‍ ആറ്റില്‍ ഹാജര്‍. മുങ്ങാങ്കുഴി ഇടാനും നീന്തല്‍ പഠിച്ചതും ഒക്കെ അവിടെ നിന്നാണ്. ശ്രീധരനും അപ്പുവും ചാത്തുണ്ണിയും കൂടെ എന്റെ ബാല്യകാലത്തിലേക് ഊളിയിട്ടു എന്നെ ആ ആറ്റുതീരത്തു എത്തിച്ചു.

ജീവിതമെന്നത് ഒരു മിഥ്യ നാടകമാണ്. ആ നാടകത്തിന്റെ രംഗവേദിയില്‍ മനുഷ്യന്‍ നിറയെ വേഷങ്ങള്‍ ആടി കളിക്കുന്നു. ഏതോ മഹാന്റെ വാക്കുകളാണ്, പച്ചപരമാര്‍ത്ഥവും. ഒരു മനുഷ്യായുസില്‍ ഒരുവന്‍ എന്തൊക്കെ വേഷപ്പകര്‍ച്ചകള്‍ നടത്തേണ്ടി വരുന്നു. പ്രമാണി ഭിക്ഷക്കാരന്‍ ആകുന്നു, ഭിക്ഷ യാചിച്ചു നടക്കുന്നവന്‍ നാളെ പ്രമാണി ആകുന്നു..

‘മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍’

ആ വേഷപ്പകര്‍ച്ചകള്‍ എല്ലാം തന്നെ പൊറ്റക്കാട് ഇവിടെ ചൂണ്ടി കാണിക്കുന്നുണ്ട്.
അതിരാണിപാടത്തിന്റെ ജീവിതകഥയാണ് ഈ നോവല്‍. ഓരോ അതിരാണിപ്പാടത്തുകാരനും ഒരു കൊച്ചു ചരിത്രം ഉണ്ടായിരുന്നു, ഒരു വര്‍ത്തമാനകാലവും ഒരു ഭാവിയും അദ്ദേഹം ഈ നോവലില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു വടക്കന്‍ ഗ്രാമം. നമ്മള്‍ ശ്വാസമടക്കി പിടിച്ചു വായിച്ചു പഠിച്ചിരുന്ന സോഷ്യല്‍ സയന്‍സ് ബുക്കിലെ മലബാര്‍ ലഹളയും വാഗണ്‍ ട്രാജഡിയും ഒരു നെഞ്ചിടിപ്പോടു കൂടി അല്ലാതെ ഇപ്പോളും ഓര്‍ക്കാന്‍ സാധിക്കുന്നില്ല. അതൊക്കെ അതിരാണിപ്പാടത്തുകാര്‍ക്കു വൈകുന്നേരത്തെ സമയങ്ങളില്‍ വെറും നേരംപോകു വര്‍ത്തമാനങ്ങള്‍ ആയിരുന്നു. അവരുടെ മുന്‍പില്‍ അതൊക്കെ അരങ്ങേറിയിരുന്നത്.

ഞാന്‍ അതിരാണിപ്പാടത്തെ കുറിച്ചൊന്നു google search ചെയ്തു. ഈ സ്ഥലവും നാടും ഒന്നുമില്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് ആകുമായിരുന്നില്ല. നോക്കിയപ്പോള്‍ വന്ന റിസള്‍ട്ട് – The tale of Athiraanippadam – S.K.Pottakadu.

അതെ അതിരാണിപ്പാടത്തിന്റെ മനോഹരമായ കഥ, ചരിത്രം…കൃഷ്ണന്‍ മാസ്റ്ററും, ശ്രീധരനും, ചാത്തുണ്ണിയും, കുഞ്ഞിക്കേളുമേലാനും, ആധാരം ആണ്ടിയും, ഉണ്ണൂലിയമ്മയും, ഗോപാലേട്ടനും, കിട്ടന്‍ റൈറ്ററും, ഞണ്ട് ഗോവിന്ദനും, മീശകണരാനും അങ്ങനെ ഒരുപാട് പേര്‍ ചേര്‍ന്നു വെള്ളവും വളവും കൂടെ സമൃദ്ധമാക്കിയ അതിരാണിപ്പാടത്തിന്റെ കഥ..

Leave A Reply

Your email address will not be published.