ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിന് ഓസ്‌ത്രേലിയക്കെതിരെ സൂപ്പര്‍ ഓവറില്‍ വിജയം. മനുകാ ഓവലില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ടോസ് നേടിയ ഓസ്‌ത്രേലിയ എതിരാളികളെ ബാറ്റിങ്ങന് അയച്ചു. ഹീതറിന്റെ 45 പന്തില്‍ 78 റണ്‍സ് എന്ന പ്രകടനത്തിന്റെ ബലത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 156 റണ്‍സെടുത്തു. ഇംഗ്ലീഷ് വനിതകള്‍ക്ക് പവര്‍ പ്ലേയില്‍ 29 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. എന്നാല്‍ ആറ് ഓവറുകള്‍ക്ക് ശേഷം ഹീതറും ഫ്രാന്‍ വില്‍സണും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ട് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചു. ഫ്രാന്‍ 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ആമി ജോണ്‍സിന് 24 പന്തില്‍ 10 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ഓസ്‌ത്രേലിയക്ക് ഓപ്പണറായ ബെത്ത് മൂണി തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും മധ്യനിര തകര്‍ന്നത് ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലേക്ക് കളിയെത്തിച്ചു. 45 പന്തില്‍ 65 റണ്‍സാണ് ബെത്ത് എടുത്തത്. ഇംഗ്ലീഷ് ബൗളര്‍ സാറ ഗ്ലെന്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എങ്കിലും അരങ്ങേറ്റക്കാരിയായ അന്നാബെല്‍ സതര്‍ലന്റ് ദെലിസ്സ കിമ്മിന്‍സിനെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാ പ്രവര്‍ത്തനം ഓസ്‌ത്രേലിയയെ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പം എത്തിക്കാന്‍ സഹായിച്ചു. അന്നാബെല്‍ 22 റണ്‍സ് നേടിയപ്പോള്‍ ദെലിസ 15 റണ്‍സ് എടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ത്രേലിയ 156 റണ്‍സ് എടുത്തത്.

മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സ്പിന്നര്‍ സോഫി എക്ലെസ്റ്റോണ്‍ എറിഞ്ഞ ഓവറില്‍ ഓസ്‌ത്രേലിയക്ക് എട്ട് റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. പെറിയാണ് ഓസ്‌ത്രേലിയക്കുവേണ്ടി പന്തെറിഞ്ഞത്. നൈറ്റും വ്യാറ്റും ചേര്‍ന്ന് നാല് പന്തില്‍ ലക്ഷ്യം മറികടന്നു.

Leave a Reply

Your email address will not be published. Required fields are marked *