Take a fresh look at your lifestyle.

ആറു ഭാഷകള്‍ അറിയാം, അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമൊഴി പകര്‍ന്ന് സുപ്രിയ

163

ഷാഹിന നഫീസ

ഇന്ന് മുതല്‍ എല്ലാ ദിവസവും സന്തോഷകരമായ ഒരു വാര്‍ത്തയെങ്കിലും പങ്ക് വെക്കും എന്നൊരു തീരുമാനമെടുത്തു. വര്‍ഗീയഭ്രാന്തും മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും കണ്ട് മടുത്തു പോകാതിരിക്കാന്‍ അതാവശ്യമാണെന്ന് തോന്നുന്നു . ഇന്നാദ്യം സുപ്രിയ ദേബ്‌നാഥിനെ പരിചയപ്പെടുത്തുന്നു. ഇതരസംസ്ഥാന തൊഴിലാളിയായി കേരളത്തില്‍ വന്ന്, അധ്യാപികയായി, കേരളത്തിന്റെ കോവിഡ് പ്രതിരോധരംഗത്ത് മുന്‍നിര പോരാളിയായി മാറിയ സുപ്രിയ. ആറ് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന സുപ്രിയ എറണാകുളത്ത് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്.

സുപ്രിയയെ കേരളത്തിന് പരിചയപ്പെടുത്തികൊണ്ട് PRD യില്‍ നിന്ന് നല്‍കിയ വാര്‍ത്താകുറിപ്പില്‍ നിന്നുള്ള വിവരങ്ങളാണ് താഴെ :

കോവിഡ് കാലത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ഫോണ്‍ വിളികളുടെ എണ്ണം നിരവധിയാണ്. ജോലി നഷ്ടപ്പെട്ടതിന്റെ ആകുലതകളും നാട്ടിലെത്താന്‍ സാധിക്കാത്തതിന്റെ നിരാശയും എല്ലാം പങ്ക് വെക്കുന്ന ഫോണ്‍ വിളികള്‍. എത്ര വിളികള്‍ വന്നാലും സാന്ത്വനത്തിന്റെയും കരുതലിന്റെയും ഭാഷയില്‍ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞ് അവര്‍ക്ക് ധൈര്യം നല്‍കുന്ന ഒരാളുണ്ട്. ഒരിക്കലും മുഖത്ത് നിന്ന് മായാത്ത പുഞ്ചിരിയോടെ ഓരോ വിളിയുടെയും മറുതലക്കല്‍ ഉത്തരം പറയുന്ന സുപ്രിയ ദേബ്‌നാഥ്. ഒഡിയ, ബംഗാളി, ആസ്സാമീസ്, ഹിന്ദി, ബംഗ്ലാ, മലയാളം തുടങ്ങിയ ആറു ഭാഷകള്‍ സുപ്രിയ അനായാസമായി കൈ കാര്യം ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ആയി കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുകയാണ് സുപ്രിയ ഇപ്പോള്‍.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയില്‍ നിന്നും ഭര്‍ത്താവ് പ്രശാന്ത് കുമാര്‍ സമലിനൊപ്പം കേരളത്തില്‍ എത്തിയതാണ് സുപ്രിയ. സര്‍വ ശിക്ഷ അഭിയാന്‍, അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാന്‍ സാധിക്കുന്ന തരത്തില്‍ വിദ്യാലയങ്ങളില്‍ സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പിലാക്കിയപ്പോള്‍, സുപ്രിയ ആ പദ്ധതിയുടെ ഭാഗമായി അധ്യാപികയായി . വര്‍ഷങ്ങളായി മലയിടം തുരുത്ത് ജി. എല്‍. പി. സ്‌കൂളിലെ അധ്യാപികയാണ് സുപ്രിയ. ഒപ്പം സര്‍ക്കാരിന്റെ രോഷ്‌നി പദ്ധതിയുടെ ഭാഗമായി എഡ്യൂക്കേഷന്‍ വോളന്റിയറുടെ ജോലിയും ഏറ്റെടുത്തു.

അവധി കാലത്ത് സ്വദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. അതോടെ തത്കാലം യാത്ര വേണ്ടെന്നു വെച്ചു സുപ്രിയ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങുന്നത് അറിഞ്ഞപ്പോള്‍ മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ എന്ന ചുമതല സ്വമേധയാ ഏറ്റെടുത്തു.

ക്യാമ്പുകളിലെയും മറ്റും ഭക്ഷണ വിതരണം സംബന്ധിച്ച ചോദ്യങ്ങള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ കൂടുതലായി വരുന്നതെന്ന് സുപ്രിയ പറയുന്നു. ചിലപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിളിയെത്തും. അവര്‍ക്ക് പക്ഷെ അറിയേണ്ടത് കോവിഡ് കാലത്ത് എങ്ങനെ സുരക്ഷിതമായി ഇരിക്കണം എന്ന വിവരങ്ങള്‍ ആണ്.

ഒരു മകള്‍. നാലു വയസുകാരി ശുഭസ്മിത. പുതിയ അധ്യയന വര്‍ഷത്തില്‍ അധ്യാപികയുടെ ജോലി തുടരുന്നതോടൊപ്പം പഠനം തുടരാനുള്ള തയ്യാറെടുപ്പിലുമാണ് സുപ്രിയ. പന്ത്രണ്ടാം ക്ലാസ്സില്‍ അവസാനിച്ച വിദ്യാഭ്യാസം വീണ്ടെടുക്കണം എന്നതാണ് ലക്ഷ്യം. ഹിന്ദിയില്‍ ബിരുദം നേടണമെന്നാണ് ആഗ്രഹം.

(ഷാഹിന നഫീസ ഫേസ് ബുക്കില്‍ കുറിച്ചത്‌)

Leave A Reply

Your email address will not be published.