Take a fresh look at your lifestyle.

ഭൂട്ടാനിലെ കടുവക്കൂട് ആശ്രമത്തിലേക്ക് ഒരു സോളോ ട്രിപ്പ്: യാത്രാവിവരണവും ടിപ്‌സും

318

മിത്ര സതീഷ്‌

ഭൂട്ടാന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരിക ഭൂട്ടാനിലെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന പുരാതനവും പരിപാവനവുമായ ബുദ്ധമഠം ‘തക്ഷങ്’ ആണ്. . സഞ്ചാരികളെ ഭൂട്ടാനിലേക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതും ഭൂട്ടാന്റെ മുഖമുദ്രയായ തക്ഷങ് തന്നെ. തക്ഷങ് അഥവാ ടൈഗേഴ്‌സ് നെസ്റ്റ് മോണാസ്ട്രി സ്ഥിതി ചെയ്യുന്നത് പാരോ നഗരത്തില്‍ ആണ്.

അതി രാവിലെ ഇറങ്ങിയാല്‍ അധികം വെയില്‍ കൊള്ളേണ്ടി വരില്ല എന്ന് വായിച്ചത് പ്രകാരം കൊച്ചു വെളുപ്പാന്‍ കാലത്ത് ഞാന്‍ ഹോം സ്റ്റേ നിന്നും ഇറങ്ങി ഷെയര്‍ ടാക്‌സി പിടിച്ച് പന്ത്രണ്ടു കിലോമീറ്റര്‍ അകലെയുള്ള ബേസ് ക്യാമ്പില്‍ ഏഴ് മണിക്ക് എത്തി. ടിക്കറ്റ് കൗണ്ടര്‍ 7.45 നെ തുറക്കൂ. അവിടെ ചുറ്റി നടന്നപ്പോള്‍ വടി വില്‍ക്കുന്ന കുട്ടിയെ പരിചയപെട്ടു. ഞാന്‍ ഒറ്റക്കാണ് എന്നറിഞ്ഞപ്പോള്‍ എന്നോട് ഭയങ്കര സ്‌നേഹവും കരുതലും പ്രകടിപ്പിച്ചു. ഒരു വടി വാങ്ങാന്‍ പോയ എന്നേ കൊണ്ട് സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ച് രണ്ട് വടി വാങ്ങിപ്പിച്ചു.7.30 ആയപ്പോള്‍ കൗണ്ടര്‍ തുറന്നു. 500 രൂപയുടെ ടിക്കറ്റും എടുത്ത് വടി കുട്ടിയോട് യാത്രയും പറഞ്ഞു ഞാന്‍ എന്റെ പര്യടനം തുടങ്ങി.

ഒരു ചെറിയ നടപ്പാതയിലൂടെ, പൈന്‍ മരങ്ങള്‍ക്കിടയിലൂടെയായിരുന്നു നടക്കേണ്ടത്. ഇരുന്നൂറ് മീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ തുറസ്സായ ഒരു സ്ഥലത്ത് കുറേ ഏറെ കുതിരകളെ മേയ്ക്കുന്നു. നടന്നു കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുതിര പുറത്ത് കയറി പകുതി ദൂരം വരെ സഞ്ചരിക്കാം. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോള്‍ ഒരു വലിയ മല. ഏറ്റവും മുകളില്‍ പൊട്ട് പോലെ തക്ഷങ്. ഈശ്വരാ’ എന്നുള്ള നിലവിളിയാണ് ആദ്യം വന്നത്. ഒരു കിലോമീറ്റര്‍ പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന തക്ഷങ് കാഴ്ച്ച ഞെട്ടല്‍ ഉളവാക്കി. ഏതായാലും മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് ഇല്ലാ എന്ന് തീരുമാനിച്ചു . ഒറ്റയ്ക്കായതു കൊണ്ട് തീരെ പറ്റുന്നില്ലെങ്കില്‍ തിരിച്ച് വരാമല്ലോ എന്നും ആശ്വസിച്ചു നടപ്പ് തുടര്‍ന്നു.

കുറച്ചു നടന്നപ്പോള്‍ ഒരു ഉണങ്ങി വരണ്ട അരുവി കണ്ടൂ. അരുവിയില്‍ മൂന്ന് വലിയ പ്രയര്‍ വീല്‍ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഗതിക്കൊപ്പം കറങ്ങാന്‍. അവിടെ നിന്നങ്ങോട്ട് കയറ്റം തുടങ്ങുകയായി. നാലടി വീതിയുള്ള ഒരു ചെറിയ മലമ്പാത. രാവിലെ ആയതു കൊണ്ട് ഒറ്റ മനുഷ്യര്‍ ഇല്ല. ഒരു സൈഡില്‍ കുത്തനെയുള്ള മലഞ്ചെരിവ്. മറുഭാഗത്ത് നിബിഡമായ വനം. പ്രകൃതിയെ അടുത്തറിഞ്ഞ യാത്ര ചെയ്യാന്‍ പറ്റിയ ഒരു മനോഹര അനുഭവം. ഒന്നര മണിക്കൂറോളം ഈ നടപ്പ് തുടര്‍ന്നു. അവസാനം ആദ്യത്തെ വ്യൂ പോയിന്റ് എത്തി.

ഒരു വലിയ പ്രയര്‍ വീല്‍ അവിടെയും സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത് ഒരു മര തൂണില്‍ ഒരു നിരയില്‍ ചെറിയ പ്രയര്‍ വീലും, വര്‍ണാഭമായ പ്രയര്‍ ഫ്‌ളാഗ് കാറ്റത്ത് പാറി കളിച്ചു. അവിടെ നിന്ന് തക്ഷങ്ങിന്റെ ആദ്യത്തെ വ്യക്തമായ ദൃശ്യം കാണാം. അവിടെ ഒരു ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാധങ്ങള്‍ക്ക് തീ വിലായാണേന്ന് മനസ്സിലാക്കിയതു കൊണ്ട് ആ വഴിക്ക് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടന്നു.

അവിടെ നിന്ന് കയറ്റം കുറവായിരുന്നു. കൂടുതലും നിരപ്പായ സ്ഥലങ്ങള്‍. ഒരു മണിക്കൂറോളം നടന്നു രണ്ടാമത്തേ വ്യൂ പോയിന്റ് എത്തി. തക്ഷങ്ങിന്റെ മൊത്തത്തിലുള്ള ഏറ്റവും മനോഹരമായ ചിത്രം എടുക്കുവാന്‍ പറ്റിയ സ്ഥലം ഇതാണ്. രാവിലെ ആയതു കൊണ്ട് സഞ്ചാരികള്‍ ആരുമില്ല. ഭാഗ്യവശാല്‍ അവിടെ എത്തിയ ബ്രസീല്‍ സ്വദേശിയെ കൊണ്ട് ഞാന്‍ എന്റെ ഫോട്ടോ എടുപ്പിച്ചു.സാധാരണ ഇവിടെ ഫോട്ടോ എടുക്കാന്‍ നീണ്ട ക്യൂ നില്‍ക്കേണ്ടി വരും. ഞങ്ങള്‍ ഇറങ്ങാന്‍ നേരത്ത് കുറച്ചു ബുദ്ധ കുട്ടി സന്ന്യാസികള്‍ അവിടെ എത്തി ചേര്‍ന്നു.

പിന്നീട് അങ്ങോട്ട് 300 പടികള്‍ ഇറങ്ങി. ഒരു ചെറിയ പാലത്തില്‍ എത്തി. ഇവിടെ 200 അടിയോളം മുകളില്‍ നിന്നും ഒരു വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. വേനല്‍ കാലം ആയതിനാല്‍ ഒരു ചെറിയ നീരൊഴുക്ക് മാത്രമേ ഒണ്ടായിരുന്നുള്ളൂ. അവിടെ നിന്നും നൂറു പടികള്‍ മുകളിലോട്ട് കയറിയാല്‍ തക്ഷങ് ആയി. മനസ്സില്‍ വിചാരിച്ചതിലും വളരെ അധികം വലിപ്പം ഉണ്ടായിരുന്നു ആ ബുദ്ധമഠത്തിന്. അവിടെ വെച്ച് ജീവിതത്തില്‍ ആദ്യമായി ഒരു ബുദ്ധ സന്ന്യാസ്സിനിയെ കാണാന്‍ പറ്റി.

ടിക്കറ്റ് പരിശോധിച്ച ഭൂട്ടാന്‍ പോലീസുകാരന്‍ വേണ്ട നിര്‍ദേശങ്ങള്‍ തന്നു. കൈയിലുള്ള എല്ലാ സാധനങ്ങളും അവിടത്തെ ലോക്കര്‍ റൂമില്‍ വെക്കണം.നമ്മുടെ കൂടെ ഒരു ഗൈഡിനെ വിട്ടു തരും. എന്റെ കൂടെ പൂനയില്‍ നിന്നുള്ള ശാന്തനുവും, സുമേദും ആയിരുന്നു. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും കൂടി ഒരു സുന്ദരി ഭൂട്ടാന്‍ ചേച്ചി ആയിരുന്നു ഗൈഡ്.

പ്രധാന ബില്‍ഡിംഗില്‍ കയറുന്നതിനു മുമ്പ് ഒരു കല്ലിന്റെ മുമ്പില്‍ നിര്‍ത്തി. എന്നിട്ടു ഒരു ചെറിയ കുഴിവുള്ള പൊട്ട് നോക്കി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. കണ്ണടച്ച് ചൂണ്ടു വിരല്‍ കൊണ്ട് ഈ സ്ഥലത്ത് തൊടണം. തൊട്ടാല്‍ പ്രാര്‍ത്ഥിച്ച ആഗ്രഹം നടക്കും. സുന്ദരിക്ക് പോട്ട് കുത്തി പ്രൈസ് വാങ്ങിയ ഓര്‍മ്മയില്‍ സധൈര്യം കുത്തി എങ്കിലുംഎട്ടു നിലക്ക് പൊട്ടി. സുന്ദരി ചേച്ചിക്ക് സന്തോഷമായി.

ചേച്ചി ഞങ്ങളെ അകത്തേക്ക് കൂടി കൊണ്ടു പോയി. ഉള്ളില്‍ കടന്നതും വല്ലാത്തൊരു അനുഭവം ആയിരുന്നു . ശീതികരിച്ച പോലത്തെ തണുപ്പായിരുന്നു ഉള്ളില്‍, ഭയങ്കര ശാന്തതയും. പെട്ടെന്ന് പേശികളെല്ലാം അയയുന്ന പോലെ തോന്നി. മുട്ട് കുത്തി അവിടെ മറ്റുള്ളവരെ അനുകരിച്ച് ഞാനും പ്രാര്‍ത്ഥിച്ചു. മനസ്സിന് ഭാരമെല്ലാം കുറഞ്ഞു ഒഴുക്കുന്ന പോലെയാണ് അവിടുന്ന് എഴുന്നേറ്റപ്പോള്‍ തോന്നിയത്.

ചേച്ചി ഒത്തിരി കാര്യങ്ങള്‍ കുറച്ചു നേരം കൊണ്ട് പറഞ്ഞു തന്നു. ആകെ മനസ്സിലായത് ബുദ്ധ ഗുരുവായ ഗുരു പദ്മസംഭവ ദുഷ്ട ശക്തികളില്‍ നിന്നും രക്ഷ നേടാന്‍ തക്ഷങ് എത്തി ചേര്‍ന്നു. എത്തിയതോ, ഒരു കടുവയുടെ പുറത്തും. യോഗിനിയായ ഒരു പെണ്‍കുട്ടി തന്ത്ര ശക്തിയാല്‍ കടുവയായി മാറി എന്നാണ് വിശ്വാസം. അദ്ദേഹം ഇവിടെ 3 വര്‍ഷം, 3 മാസം, 3 ആഴ്ച്ച, 3 ദിവസം, 3 മണിക്കൂര്‍ ധ്യാനനിരതനായി. അദ്ദേഹം ധ്യാനിക്കാന്‍ ഉപയോഗിച്ച ഗുഹ ഇന്നും തക്ഷങ്ങില്‍ കാണാം.

ഏതായാലും ബുദ്ധമതക്കാരുടെ വിശ്വാസ പ്രകാരം ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ 90 ശതമാനം പാപങ്ങളും തീരുമെന്നാണ് വിശ്വാസം അത് കൊണ്ട് തന്നെ സഞ്ചാരികളെ പോലെ തന്നെ തദ്ദേശ വാദികളും ധാരാളമായി തക്ഷങ് സന്ദര്‍ശിക്കാറുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് തക്ഷങ് മൊത്തം ചുറ്റി കണ്ടൂ. പുറത്തിറങ്ങി താഴോട്ട് നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം നിബിഡ വനവും, പൊട്ട് പോലെ ബേസ് ക്യാമ്പും എല്ലാം കാണാം.

11.30 ന് ഞാനും പൂനക്കാരായ എന്റെ പുതിയ കൂട്ടുകാരോടൊപ്പം തിരികെ ഇറക്കം തുടങ്ങി. നല്ല വെയിലുണ്ടായിരുന്നു വഴിയില്‍ .മലകയറുന്ന സഞ്ചാരികളുടെ തിരക്ക് കൂടി വരുന്നു.. ഇറങ്ങാനായിരുന്നു കയറുന്നതിനേല്‍ ബുദ്ധിമുട്ട്. രണ്ട് വടിനിര്‍ബന്ധിച്ച് തന്ന ആ സുന്ദരിക്കുട്ടിയോട് മനസ്സാ നന്ദി പറഞ്ഞു. പരസഹായം കൂടെ താഴെ എത്താന്‍ കുറഞ്ഞത് രണ്ട് വടി തന്നെ വേണം.

ഒന്നേ മുപ്പതോടെ ഞങ്ങള്‍ താഴെയെത്തി.എന്നെ കണ്ടതും സന്തോഷത്തോല്‍ അവള്‍ ഓടി വന്നു കെട്ടിപ്പിടിച്ചു. ഇതാണ് കരുന്നുകളുടെ സ്‌നേഹം.. അല്ലെങ്കിലും അവളുടെ സംസ്‌കാരം തന്നെ അവളെ പഠിപ്പിക്കുന്നത് അതു തന്നെയല്ലേ. സ്‌നേഹം, ആഥിത്യ മര്യാദ … ലോകത്തെ ഏറ്റവും സന്തോഷവാന്‍മാരായ ജനങ്ങള്‍ ഭൂട്ടാക്കാരാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത് വെറുതെയല്ല. അവള്‍ക്ക് മിഠായിയും പൈസയും വാങ്ങാന്‍ പൈസ കൊടുത്തപ്പോള്‍ അവള്‍ സന്തോഷത്തോടെ കൈപറ്റി. തിരിച്ച് ഞാന്‍ പുനേ സുഹൃത്തുക്കള്‍ക്ക് വേണ്ടി കാത്തുകിടന്ന ടാക്ലിയില്‍ പാരോയിലേക്ക് പോയി.

ദുര്‍ഘടമായ കാനന പാതയിലൂടെ തക്ഷങ് എത്തി പെടുക അത്ര നിസ്സാര കാര്യമല്ല. പക്ഷേ തക്ഷങ് എത്തി കഴിയുമ്പോള്‍ ഈ കഷ്ടപ്പാട് വെറുതേ ആയില്ല എന്ന് ബോധ്യം വരും. മനസ്സിനെ നിര്‍മലീകരിച്ച്, നമ്മളില്‍ ഒരു പ്രത്യേക ശക്തിയും ശാന്തതയും തക്ഷങ് പ്രധാനം ചെയ്യും.

യാത്രാ ടിപ്‌സ്

1. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് തക്ഷങ് തുറന്നിരിക്കുന്നത്. ഉച്ചക്ക് 1-2 വരെ അടക്കും.

2. മോണസ്‌റെറിക്ക് ഉള്ളില്‍ കയറാനാണ് 500 രൂപ അടക്കേണ്ടത്. 7.45 നു ടിക്കറ്റ് കൗണ്ടര്‍ തുറക്കും. ചിലര്‍ ടിക്കറ്റ് എടുക്കാതെ നേരത്തേ തന്നെ പുറപ്പെടും. അവര്‍ക്ക് മുകളില്‍ നിന്നും ടിക്കറ്റ് എടുക്കാന്‍ അന്ന് സൗകര്യം കണ്ടിരുന്നു.

3. കഴിവതും നേരത്തേ യാത്ര ആരംഭിക്കുക. വെയില് ഇല്ലാത്തപ്പോള്‍ മുകളില്‍ എത്തിയാല്‍ ക്ഷീണവും ആയാസവും കുറയും.

4. ഒറ്റക്കാണ് യാത്ര ചെയ്യുന്നത് എങ്കില്‍ താഴെ നിന്ന് തന്നെ രണ്ടു വടി വാങ്ങുക. ഒരു വടിക്ക് 50 രൂപയാണ് നിരക്ക്.

5. വെള്ളവും ലഘു ഭക്ഷണവും കരുതണം.

6. ഷെയര്‍ ടാക്‌സി വെയിറ്റ് ചെയ്യാന്‍ ഏര്‍പ്പാടാക്കിയില്ലെങ്കില്‍ തിരികെ പാരോക്ക് വണ്ടി കിട്ടാന്‍ പാടാണ്.

7. വഴിയില്‍ വിരളമായി ചില ഇടങ്ങളില്‍ കുടിവെള്ളത്തിന് പൈപ്പ് ഉണ്ടായിരുന്നു.

8. തക്ഷങ് കാണാനുള്ള ഇപ്പോഴത്തെ (ജനുവരി 2020) നിരക്ക് 1000 രൂപയാണ്. മോണാസ്ട്രി കാണാന്‍ മാത്രം ആണ് ടിക്കറ്റ് വേണ്ടത്. മൊണാസ്ട്രി വരെ ട്രെക്ക് ചെയ്യാന്‍, ഫോട്ടോ എടുക്കാന്‍ ടിക്കറ്റ് വേണ്ട.

 

(ഫേസ് ബുക്കിലെ സഞ്ചാരി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്)

Leave A Reply

Your email address will not be published.