ഓസ്ത്രേലിയയുടെ കിഴക്കന്‍ തീരത്തെ 2.5 മില്ല്യണ്‍ ഏക്കര്‍ ഭൂമി കാട്ടുതീയില്‍ നശിച്ച് കഴിഞ്ഞു. പടരുന്ന തീയെ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ആ പ്രദേശത്തെ മൃഗങ്ങളും ഈ ദുരിതത്തീയില്‍ പൊള്ളുകയാണ്. ധാരാളം മൃഗങ്ങള്‍ വെന്ത് മരിച്ചു. പൊള്ളലേറ്റ് പിടയുന്നു. രക്ഷാപ്രവര്‍ത്തകര്‍ മൃഗങ്ങളെ രക്ഷിച്ച് വെള്ളം കൊടുക്കുന്നതിന്റേയും ശുശ്രൂഷിക്കുന്നതിന്റേയും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
മനുഷ്യ മനസ്സിനെ അലിയിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്ത് വന്നത്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ടോടി റോഡ് മുറിച്ച് കടന്ന് ഒരു കോല അപ്പുറത്തെ ഭാഗം സുരക്ഷിതമെന്ന് കരുതി ആ ഭാഗത്തേക്ക് പോകുന്നു. അവിടേയും തീയും ചൂടും. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ കോല ഒരു മരത്തില്‍ കയറുന്നു.
അപ്പോഴാണ് ഒരു സ്ത്രീ ഓടി വരുന്നത്. അവര്‍ ധരിച്ചിരുന്ന ഷര്‍ട്ടൂരി ആ കോലയെ പൊതിഞ്ഞ് മരത്തില്‍ നിന്നും ഇറക്കി രക്ഷപ്പെടുത്തി. എന്നിട്ട് അതിന് കുടിക്കാന്‍ വെള്ളം നല്‍കുകയും ദേഹം മുഴുവന്‍ വെള്ളം ഒഴിച്ച് തണുപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവര്‍ കോലയെ കാറില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ട് പോകുന്നു. ടോണി ഡോറത്തിയെന്ന ആ സ്ത്രീയുടെ പ്രവര്‍ത്തിയെ ലോകം കൈയടിയോടെ ആദരിക്കുകയാണ്.
വീഡിയോ കാണാം