Take a fresh look at your lifestyle.

ഡബ്ല്യു വി രാമന്‍: ഇന്ത്യന്‍ വനിതാക്കൂട്ടത്തെ ടി20 ടീമാക്കിയ പരിശീലകന്‍

5

ടി20 ഇന്ത്യയുടെ ഒരു ശക്തിയായിരുന്നില്ല. പക്ഷേ, കഴിഞ്ഞ എട്ട്-പത്ത് മാസങ്ങളായി ഞങ്ങള്‍ കളിക്കുന്ന രീതിയില്‍ ഞങ്ങള്‍ക്ക് അഭിമാനിക്കാം. ടി20 വനിതാ ലോകകപ്പില്‍ ഓസ്‌ത്രേലിയയോട് ഫൈനലില്‍ തോറ്റ ഇന്ത്യയുടെ സ്മൃതി മന്ദാനയുടെ വാചകങ്ങളാണിത്. ക്രിക്കറ്റിന്റെ ലഘുരൂപത്തില്‍ ഇന്ത്യയ്ക്കുണ്ടായ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ക്രഡിറ്റ് സ്മൃതി നല്‍കുന്നത് ടീമിന്റെ പരിശീലകന്‍ ഡബ്ല്യു വി രാമനാണ്. ഒന്നോ രണ്ടോ കളിക്കാരില്‍ നിന്നും ഒരു ടീമായി ഇന്ത്യയെ മാറ്റിയെടുത്തത് രാമനാണെന്ന് സ്മൃതി അഭിപ്രായപ്പെടുന്നു. 2018-ല്‍ രമേഷ് പൊവാര്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാമന്‍ വനിതകളുടെ പരിശീലകനാകുന്നത്.

പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ വലപ്പോഴും വന്ന് പോകുന്ന അതിഥി താരമായിരുന്നു വൂര്‍ക്കേരി വെങ്കട് രാമന്‍ എന്ന ഡബ്ല്യു വി രാമന്‍. 1965 മെയ് 23-ന് ജനിച്ച രാമന്‍ 1997-ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. അതിനുശേഷം, ടെസ്റ്റ് ക്രിക്കറ്റര്‍മാര്‍ക്ക് മാത്രം ലഭിക്കുന്ന മികച്ച പരിശീലനത്തിനായി ഓസ്‌ത്രേലിയയിലേക്ക് പോയി. തിരിച്ചെത്തിയ രാമന് കീഴില്‍ തമിഴ്‌നാടും ബംഗാളും മികച്ച വിജയങ്ങള്‍ കൊയ്തു.

1988 ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് രാമന്‍ അരങ്ങേറുന്നത്. നാലാം ടെസ്റ്റില്‍ ക്രീസിലിറങ്ങിയ അദ്ദേഹം വിന്‍ഡീസിന്റെ പേസ് നിരയെ നേരിട്ട് കുറ്റമേതുമില്ലാത്ത 83 റണ്‍സ് നേടി. പാട്രിക് പാറ്റേഴ്‌സണ്‍, വിന്‍സ്റ്റണ്‍ ഡേവിസ്, കോട്ട്‌നി വാഷ് എന്നീ പേസ് ത്രയത്തെ രാമന്‍ പിച്ചിചീന്തി. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും കൈയടിയും ശ്രദ്ധയും കൊണ്ടുപോയത് മറ്റൊരു അരങ്ങേറ്റക്കാരനാണ്, നരേന്ദ്ര ഹിര്‍വാനി. രണ്ടിന്നിങ്ങ്‌സിലുമായി അദ്ദേഹം 16 വിക്കറ്റുകള്‍ വീഴ്ത്തി. ഇരകളെല്ലാം അതിപ്രശസ്തര്‍. അതിനുശേഷം രാമന്‍ ടീമില്‍ അതിഥിയായി വന്ന് പോകുന്ന താരമായി മാറി.

വിദേശ മണ്ണില്‍ മുട്ടിലിഴയുന്ന ചരിത്രമുണ്ട് ഇന്ത്യന്‍ ടീമുകള്‍ക്ക്. സ്വന്തം മണ്ണിലെ വരണ്ട് വിണ്ടുകീറിയ പിച്ചില്‍ എതിരാളികളെ കറക്കി വീഴ്ത്തുന്ന ഇന്ത്യ വിദേശത്ത് പച്ച പുല്ലിലെ പേസിന് മുന്നില്‍ വിറയ്ക്കുന്നത് ഇപ്പോഴും തുടരുന്നു. ഈ ടീമുകളില്‍ അത്യപൂര്‍വമായി വിദേശ മണ്ണില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിരലിലെണ്ണാവുന്ന താരങ്ങളുമുണ്ട്. അതിലൊരാളാണ് രാമന്‍.

1990-ലെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 96 റണ്‍സും ഓക്ലന്‍ഡില്‍ പുറത്താകാതെ 72 റണ്‍സും നേടിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത് വെറും 11 ടെസ്റ്റുകള്‍ മാത്രം. ക്രിക്കറ്റിന്റെ നീണ്ട രൂപത്തില്‍ സെഞ്ച്വറി അദ്ദേഹത്തിന് അന്യമായിരുന്നു. പക്ഷേ, സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അദ്ദേഹം സെഞ്ച്വറി അടിച്ചു. ആ 114 റണ്‍സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യാക്കാരന്‍ നേടുന്ന ആദ്യ ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ നേട്ടങ്ങളേറെ കൊയ്തു. 1988-89-ല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് അദ്ദേഹം തിരുത്തി. ഏറെക്കാലമായി നിലനിന്നിരുന്ന റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്.

സ്വന്തം ടീമായ തമിഴ്‌നാടിനുവേണ്ടി ഗോവയ്‌ക്കെതിരെ 313 റണ്‍സ് എടുത്ത അദ്ദേഹം ആ വര്‍ഷം 145.42 ശരാശരിയില്‍ 1018 റണ്‍സ് എടുത്തു. രണ്ട് ഇരട്ട സെഞ്ച്വറികളും ഇതില്‍പ്പെടുന്നു. ഏകദേശം ഒമ്പത് വര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ വന്നും പോയുമിരുന്ന അദ്ദേഹം 25 ടെസ്റ്റുകളും 24 ഏകദിനങ്ങളും കളിച്ചു. 132 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 45 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. ഒടുവില്‍ 1997-ല്‍ വിരമിച്ചു.

തനിക്ക് ഇനിയുമേറെ കളിക്കാന്‍ അവസരം ഉണ്ടായിട്ടും പുതുതലമുറയ്ക്കുവേണ്ടി മാറിക്കൊടുക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് മുന്നില്‍ തടസ്സമായി നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരിശീലക വേഷമണിഞ്ഞ അദ്ദേഹത്തിന് കീഴില്‍ ഇന്നിപ്പോള്‍ ഇന്ത്യയുടെ ദേശീയ വനിതാ ടീം ലോകകപ്പ് റണ്ണേഴ്‌സ് അപ്പായിരിക്കുന്നു. ഇതിനുമുമ്പ് പുരുഷന്‍മാരുടെ അണ്ടര്‍ 19 ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ് വിജയികളാക്കിയിരുന്നു. ബംഗ്ലാദേശായിരുന്നു മൂന്നാമത്തെ ടീം.

2009-ല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൈക്കേല്‍ ബവനും ഡെര്‍മോട് റീവിക്കുമൊപ്പം പരിശീലക സ്ഥാനത്തേക്ക് അദ്ദേഹത്തേയും പരിഗണിച്ചിരുന്നു. 2016-ല്‍ അദ്ദേഹം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹപരിശീലകന്‍ ആയിരുന്നു.

ഇന്ത്യയുടെ വനിതാ ടീം 1983-ല്‍ ലോകകപ്പ് കിരീടം നേടിയ കപിലിന്റെ ചെകുത്താന്‍മാരെ പോലെയായിരിക്കുമെന്നായിരുന്നു അദ്ദേഹം ഓസ്‌ത്രേലിയയില്‍ നടന്ന ടി20 വനിതാ ലോകകപ്പിന് മുന്നോടിയായി പറഞ്ഞത്. ഫൈനലില്‍ തോറ്റുവെങ്കിലും നല്ല പോര്‍ പൊരുതിയാണ് ഇന്ത്യന്‍ ടീം ഫൈനലിലെത്തിയത്.

ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് അര്‍ഹിച്ചതൊന്നും അദ്ദേഹത്തിന് നല്‍കിയില്ല. പക്ഷേ, അദ്ദേഹം ഒരു ആള്‍ക്കൂട്ടത്തെ ഇന്ത്യയുടെ ദേശീയ വനിതാ ടീമാക്കിയിരിക്കുന്നു.

Leave A Reply

Your email address will not be published.