Shenews.co.in
Our News

സ്ത്രീകള്‍ ആവശ്യപ്പെടുന്ന ഇടത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍ത്തണം; ഗതാഗത വകുപ്പ് ഉത്തരവിറക്കി

രാത്രി കാലങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്താൻ ഗതാഗത വകുപ്പിന്റെ ഉത്തരവ്. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്തി കൊടുക്കണമെന്ന് ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. സ്ത്രീകൾക്കൊപ്പം കുട്ടികൾ ഉണ്ടെങ്കിലും ഈ നിബന്ധന ബാധകമാണ്. സുരക്ഷിതമല്ലാത്ത സ്ഥലത്ത് കണ്ടക്ടർമാർ ഇറക്കിവിടുന്നെന്ന പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

കെഎസ്ആർടിസി ‘മിന്നൽ’ ഒഴികെയുള്ള എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തി കൊടുക്കണം എന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2022 ജനുവരിയിൽ തന്നെ ഇത് സംബന്ധിച്ച കർശന നിർദ്ദേശം കെഎസ്ആർടിസി എംഡി നൽകിയിരുന്നെങ്കിലും, പല കണ്ടക്ടർമാരും സ്ത്രീകളെ സ്റ്റോപ്പിൽ തന്നെയാണ് ഇറക്കിവിട്ടിരുന്നത്. ഇത്തരം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയത്.

മുമ്പ് കെ ബി ഗണേശ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞാല്‍ സ്ത്രീ-പുരുഷ ഭേദമെന്യേ യാത്രക്കാര്‍ ആവശ്യപ്പെടുന്ന ഇടത്ത് ബസ് നിര്‍ത്തണം എന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇത് കാലാകാലങ്ങളില്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ ആവശ്യപ്പെടുന്ന ഇടത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍ത്തണം; ഗതാഗത വകുപ്പ് ഉത്തരവിറക്കി
Leave A Reply

Your email address will not be published.